സുരക്ഷിത യാത്രയ്ക്കായി കേരള പോലീസ് നടപ്പാക്കുന്ന സേഫ് ഓട്ടോ പദ്ധതിക്ക് പട്ടാമ്പിയിൽ തുടക്കമായി. പട്ടാമ്പി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഓട്ടോറിക്ഷകളിൽ സ്റ്റിക്കറുകൾ പതിച്ചു.
കേരള പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് സേഫ് ഓട്ടോ. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പട്ടാമ്പിയിലും പദ്ധതി ആരംഭിച്ചത്.
🔴112 ൽ വിളിക്കാം, പോലീസ് ഉടനെത്തും
പട്ടാമ്പി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഓട്ടോറിക്ഷകളിൽ പോലീസിന്റെ എമർജൻസി ഹെൽപ്പ് ലൈൻ നമ്പറായ 112 ഉള്ള സ്റ്റിക്കറുകൾ പതിച്ചു. ഓട്ടോറിക്ഷകളുടെ മുൻവശത്തും പിന്നിലും യാത്രക്കാർക്ക് വ്യക്തമായി കാണുന്ന രീതിയിലാണ് സ്റ്റിക്കറുകൾ പതിച്ചത്.

യാത്രയ്ക്കിടെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ, മോശം പെരുമാറ്റങ്ങൾ, അമിത ചാർജ് ഈടാക്കൽ അല്ലെങ്കിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന യാത്രക്കാർക്ക് 112 എന്ന അടിയന്തര പ്രതികരണ ഹെൽപ്പ്ലൈനിൽ വിളിച്ച് അവരുടെ പരാതികൾ അറിയിക്കാമെന്നുള്ള സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
പരാതി ലഭിച്ചാൽ ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും പ്രശ്നം പരിഹരിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ അയച്ച് നടപടി സ്വീകരിക്കുകയുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ സുരക്ഷയാണ് നൽകുന്നത്.
🔴ചടങ്ങിൽ പങ്കെടുത്തവർ
പട്ടാമ്പി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. സബ് ഇൻസ്പെക്ടർ കെ. ഹംസ പദ്ധതി വിശദീകരിച്ചു. ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കുന്നതിന്റെ പ്രാധാന്യവും യാത്രക്കാർ എങ്ങനെ ഈ സംവിധാനം ഉപയോഗിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ സബ് ഇൻസ്പെക്ടർ ഫാസിൽ റഹ്മാൻ, ASI ചന്ദ്രൻ, ASI ഫൈസൽ, സതീഷ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഭാരവാഹികളും ഡ്രൈവർമാരും പങ്കെടുത്തു.
പട്ടാമ്പി മേഖലയിലെ എല്ലാ ഓട്ടോറിക്ഷകളിലും ഘട്ടംഘട്ടമായി സ്റ്റിക്കറുകൾ പതിക്കുമെന്നും ലഹരിക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

