പരുതൂർ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ കൃഷിക്ക് ഭീഷണിയായി നിന്ന കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പന്നികളെ വെടിവെച്ച് കൊന്നു. നെൽകൃഷിയും വാഴകൃഷിയും ഉൾപ്പെടെയുള്ളവ വലിയ തോതിലാണ് പന്നികൾ നശിപ്പിച്ചിരുന്നത്. കർഷകർക്ക് വലിയ നഷ്ടം ഉണ്ടാക്കിയതോടെയാണ് പഞ്ചായത്ത് ഭരണസമിതി ഇടപെട്ടത്.
ജനങ്ങൾക്കും വാഹന യാത്രക്കാർക്കും വരെ കാട്ടുപന്നികൾ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൽ പന്നികളെ വെടിവെച്ച് കൊല്ലാൻ ആവശ്യമായ സംവിധാനം ഒരുക്കിയത്.
ഷൂട്ടർ സക്കീറിന്റെ നേതൃത്വത്തിൽ ലൈസൻസുള്ള തോക്കുകളുള്ള 10 പേരടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് പന്നികളെ വെടിവെച്ച് കൊന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് കാട്ടുപന്നികളെ കീഴടക്കാൻ സാധിച്ചത്. വനം വകുപ്പിന്റെ മേൽനോട്ടത്തിലായിരുന്നു മുഴുവൻ പ്രവർത്തനങ്ങളും നടന്നത്. കൊന്ന പന്നികളെ പിന്നീട് സംസ്കരിക്കുകയും ചെയ്തു.
തുടർന്നും പന്നി ശല്യം ഉണ്ടാകുകയും കൃഷിനാശം സംഭവിക്കുകയും ചെയ്യുകയാണെങ്കിൽ കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലാൻ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്റെ തീരുമാനം. കർഷകരുടെ പൂർണ്ണസഹകരണവും ഇത്തരം പ്രവർത്തനങ്ങൾക്ക് അധികൃതർക്ക് ലഭിക്കുന്നുണ്ട്.
പരുതൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. രാത്രി കാലങ്ങളിൽ കൂട്ടമായി എത്തുന്ന പന്നികൾ വിളവെടുപ്പിന് തയ്യാറായ നെല്ലും വാഴയും ഉൾപ്പെടെയുള്ള കൃഷികൾ പൂർണ്ണമായും നശിപ്പിക്കുകയായിരുന്നു. ഇതോടെ കർഷകർ വലിയ പ്രതിസന്ധിയിലായിരുന്നു.
പഞ്ചായത്തിന്റെ ഈ നടപടിക്ക് കർഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ നിഷ വിജയകുമാർ, അംഗങ്ങളായ എൻ ശിവപ്രസാദ്, ഇ ടി ഫസൽ റഹ്മാൻ, എൻ എം അനൂപ്, പഞ്ചായത്ത് ഡ്രൈവർമാരായ അഫ്സൽ, ജയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

