*മണ്ണാർക്കാട്: പാലക്കാട് ജില്ലയിൽ വൻ ലഹരി വേട്ട.* സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന 24 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ മണ്ണാർക്കാട് പോലീസിന്റെ പിടിയിൽ. തമിഴ്‌നാട് ധർമ്മപുരി ജില്ലയിലെ മൊരപ്പൂർ സ്വദേശി കതിർവേൽ (37), ഹരൂർ താലൂക്കിലെ കൊട്ടപ്പടി സ്വദേശി ഭാരത് (50) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്നാണ് മണ്ണാർക്കാട് പോലീസ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് ഇവർ കഞ്ചാവ് കടത്തിയത്. രഹസ്യ വിവരം ലഭിച്ചതോടെ മണ്ണാർക്കാട് എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസിനെ പിന്തുടരുകയായിരുന്നു.
ചിറക്കൽപ്പടി എന്ന സ്ഥലത്ത് ബസ് എത്തിയപ്പോൾ പ്രതികൾ ബസിൽ നിന്നിറങ്ങി. ഇവരെ സംശയം തോന്നിയ പോലീസ് സംഘം ഉടൻ തന്നെ വളഞ്ഞിട്ട് പിടികൂടി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇവരുടെ കൈവശമുണ്ടായിരുന്ന നാല് വലിയ ബാഗുകളിൽ നിന്നായി 24 കിലോയോളം വരുന്ന കഞ്ചാവ് കണ്ടെടുത്തു.

*പോലീസ് പറയുന്നത്:*
പ്രതികൾ തമിഴ്‌നാട്ടിൽ നിന്ന് വൻതോതിൽ കഞ്ചാവ് വാങ്ങി പാലക്കാട്, മലപ്പുറം ജില്ലകളിലെ ചെറുകിട വിൽപ്പനക്കാർക്ക് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് പോലീസ് നൽകുന്ന സൂചന. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. ഇവർക്ക് പിന്നിൽ വലിയൊരു ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളെ മണ്ണാർക്കാട് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്കെതിരെ NDPS നിയമപ്രകാരം കേസെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിക്കെതിരെ ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കിയതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു.

