കൈകളിൽ വരയും മനസ്സിൽ നിറവും നിറച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത്. ഇന്ത്യയിൽ ആദ്യമായി 111 വനിതകൾക്ക് ഒരുമിച്ച് അക്രിലിക് പെയിന്റിംഗിൽ നൽകുന്ന മെഗാ പരിശീലന പരിപാടിയാണ് നിറം 2K26. വെറുമൊരു പരിശീലനത്തിനപ്പുറം ഗിന്നസ് റെക്കാർഡിലേക്കുള്ള ചുവടുവെപ്പുകൂടിയായി നിറം മാറി.
111 വനിതകൾക്ക് അക്രിലിക് പേനകൾ കൊണ്ട് ഡിസൈൻ ഒരുക്കാൻ പരിശീലനം നൽകുന്ന വേറിട്ട പദ്ധതിയാണ് നിറം 2K26. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവ് ആർട്ട് ഡയറക്ടർ അജയൻ ചാലിശ്ശേരി ചിത്രം വരച്ച് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ഒരു തുണിയിൽ കളറുകൾ കൊണ്ട് എങ്ങനെ അത്ഭുതം തീർക്കാമെന്ന് കാണിച്ച് തരുന്നതായിരുന്നു പരിശീലനം. അക്രിലിക് പേനകൾ ഉപയോഗിച്ച് തുണികളിൽ മനോഹരമായ പൂക്കളും ഇലകളും പാറ്റേണുകളും വരയ്ക്കുന്ന വിദ്യയാണ് പരിശീലകർ പകർന്നു നൽകിയത്. പൂക്കളും ഇലകളും മനോഹരമായ പാറ്റേണുകളും തങ്ങളുടെ കൈകളിലൂടെയും വിരിയുമെന്ന ആത്മവിശ്വാസത്തിലായി പങ്കെടുത്ത 111 പേരും.

തൃത്താല ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള വനിതകളാണ് പരിശീലനത്തിൽ പങ്കെടുത്തത്. സിനിമയുടെ കലാ ലോകത്ത് വിസ്മയം തീർത്ത കലാകാരൻ അജയൻ ചാലിശ്ശേരി തന്നെ നേരിട്ടെത്തി ആദ്യ പാഠം പകർന്നു നൽകിയപ്പോൾ പരിപാടിക്ക് കൂടുതൽ തിളക്കമായി.
വെറുമൊരു ഹോബിക്ക് പുറമെ വലിയ വരുമാന മാർഗം കൂടിയാണ് ഈ പരിശീലനം. കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിലിരുന്ന് തുടങ്ങാവുന്ന ഫാബ്രിക് ഡിസൈനിംഗ് സംരംഭത്തിന് തന്നെയാണ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് വഴി തുറന്നത്. നിലവിൽ ഫാബ്രിക് പെയിന്റിംഗ് രംഗത്ത് വലിയ വിപണി സാധ്യതയാണുള്ളത്. സ്വന്തമായി കുർത്തികൾ, സാരികൾ, ബാഗുകൾ എന്നിവയിൽ ഡിസൈൻ ചെയ്ത് വിൽപ്പന നടത്തി മികച്ച വരുമാനം നേടാൻ കഴിയും.

LSGD യുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതി വനിതാ ശാക്തീകരണത്തിന് പുതിയ മാതൃകയാകുകയാണ്. സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക, അവരുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുക, അതിലൂടെ സംരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് നിറം 2K26 സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി 111 വനിതകൾ ഒരേ വേദിയിൽ ഒരുമിച്ച് അക്രിലിക് പെയിന്റിംഗ് പരിശീലനം നേടുന്ന പരിപാടി എന്ന നിലയിൽ ഇത് ഗിന്നസ് റെക്കാർഡിനും പരിഗണിക്കപ്പെടും. അതിനുള്ള നടപടികളും ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.
വരയ്ക്കാൻ അറിയുന്നവരുടെ മാത്രമല്ല, വരയെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ഉത്സവമായി മാറി നിറം 2K26. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും തുടർന്ന് സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും ബ്ലോക്ക് പഞ്ചായത്ത് നൽകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഷക്കീന അക്ബർ ബിഡിഒ കെ.കെ ചന്ദ്ര ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ
പ്രജീഷ് ,ജിജി, ദിവ്യ, മെമ്പർമാരായ മാളിയേക്കൽ ബാവ ,ഹുസൈൻപുളിയഞ്ഞാലിൽ, രജീഷ ,നീതു , ഗോപാലകൃഷ്ണൻ, സൗമ്യ ഹരീഷ് ,
യു ടി താഹിർ, അബ്ദുൽ റഹിമാൻ, മായ അശോകൻ ,അഖില ,ട്രെയിനർ സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.
