തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിലായി. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ ഇയാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. സംഭവ സമയത്ത് ഇയാളും സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഇതോടെ കേസിൽ പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം മൂന്നായി. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ അഭിറാമിനെയല്ല ആദ്യം കൊലപ്പെടുത്താൻ ഉദ്ദേശിച്ചതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കേസിലെ പ്രധാന പ്രതിയായ 17 കാരൻ നടത്തിയത്.

പ്രതിയുടെ വെളിപ്പെടുത്തൽ

തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യം പോലീസിനോട് പറഞ്ഞത്. മറ്റൊരു കുട്ടിയെ അഭിറാം വഴി വിളിച്ചുവരുത്താനാണ് തങ്ങൾ ശ്രമിച്ചതെന്നും, എന്നാൽ അഭിറാമുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് 17 കാരനായ പ്രധാന പ്രതി മൊഴി നൽകിയത്. കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്ത് തന്നെയാണ് ഈ 17 കാരൻ.

പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ്, ഫോറൻസിക് പരിശോധനകൾ എന്നിവ പൂർത്തിയായി. പുലർച്ചയോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കേസിൽ കൂടുതൽ പേർക്ക് പങ്ക്?

സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. മറ്റൊരു പ്രതിയായ ഉമർ കാപ്പ കേസ് പ്രതിയാണ്. കഴക്കൂട്ടം, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളിലായി ഉമറിനെതിരെ മോഷണം, ലഹരി കടത്ത്, അടിപിടി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.

പ്രണയമാണ് പ്രശ്നമായതെന്ന് പോലീസ്

പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് ഈ അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച ഈ കൊലപാതകത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *