പാലത്തിന്റെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ പുറത്തിറക്കി വാതിൽ പൂട്ടി വാർഡ് മെമ്പർ. പാലക്കാട് തൃത്താലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൃത്താല–കൂറ്റനാട് പാതയിലെ ആടുവളവ് ഭാഗത്തെ പടുവത്ത് പാലത്തിന്റെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രവർത്തകരുടെ മിന്നൽ സമരമുണ്ടായത്.

കൂറ്റനാട് തൃത്താല പാതയിലെ ആടുവളവ് ഭാഗത്ത് വലിയ കുഴികൾ അടയ്ക്കാത്തതിലും കനാൽ പ്രവൃത്തികൾ പൂർത്തിയാകാത്തതിലും പടുവത്ത് പാലത്തിന്റെ നിർമാണം വൈകുന്നതിലുമാണ് പ്രതിഷേധം ഉയർന്നത്.

മാസങ്ങളായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെയും മറ്റ് ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് വിഷയം അറിയിച്ചിട്ടും പ്രവൃത്തികൾ വൈകിപ്പിക്കുകയാണെന്ന് തൃത്താല നഗരസഭ വാർഡ് മെമ്പർ പത്തിൽ അലി ആരോപിച്ചു.

നിരവധി തവണ പരാതി നൽകിയിട്ടും പാലത്തിന്റെ പണി ഇഴഞ്ഞു നീങ്ങുകയാണ്. ആടുവളവ് ഭാഗത്ത് റോഡിലെ വലിയ കുഴികൾ മൂലം യാത്രക്കാർ ദുരിതത്തിലാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണ് തൃത്താല-കൂറ്റനാട് പാത. കുഴികൾ അടയ്ക്കാത്തത് അപകടങ്ങൾക്കും കാരണമാകുന്നു. കൂടാതെ കനാൽ പ്രവൃത്തികളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.

ഇതോടെയാണ് യുഡിഎഫ് പ്രവർത്തകർ പൊതുമരാമത്ത് ഓഫീസിലേക്ക് മിന്നൽ സമരവുമായി എത്തിയത്. ഓഫീസിലെത്തിയ വാർഡ് മെമ്പറും പ്രവർത്തകരും ഉദ്യോഗസ്ഥരെ പുറത്തിറക്കിയ ശേഷം ഓഫീസിന്റെ വാതിൽ പൂട്ടുകയായിരുന്നു. ഇതോടെ ഓഫീസ് പ്രവർത്തനം താൽക്കാലികമായി സ്തംഭിച്ചു.

പ്രതിഷേധത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തി. പടുവത്ത് പാലത്തിന്റെ നിർമാണം നവംബർ അഞ്ചിനകം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാമെന്ന് അധികൃതർ ഉറപ്പുനൽകി.

തൃത്താല സെന്ററിലെ കുഴികൾ അടയ്ക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം അടുത്ത ദിവസം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് യുഡിഎഫ് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *