പട്ടാമ്പിയിൽ റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് റെയിൽ ജൻ യുവ സംവാദ് കാമ്പയിൻ നടന്നു. ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക കാമ്പയിൻ 6.0-ന്റെ ഭാഗമായാണ് ജനകീയ ചർച്ച സംഘടിപ്പിച്ചത്.
ജംഗ്ഷനുകൾ ഒഴികെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം നടക്കുന്നതിനായി ഇന്ത്യൻ റെയിൽവേ നടത്തുന്ന റെയിൽ ജൻ യുവ സംവാദ് കാമ്പയിൻ്റെ ഭാഗമായാണ് റെയിൽവേ ഇന്നത് ഉദ്യോഗസ്ഥർ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പട്ടാമ്പി റെയിൽവേ സ്റ്റേഷൻ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ, ട്രെയിൻ യാത്രക്കായി സ്റ്റേഷനിൽ എത്തുന്നവർക്ക് വേണ്ടി ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും സ്റ്റേഷന്റെ മറ്റ് നവീകരണ പ്രവർത്തികളെക്കുറിച്ചും ജനപ്രതിനിധികളും വിദ്യാർത്ഥികളും മറ്റ് സംഘടന ഭാരഹവികളും നിർദേശങ്ങൾ വെച്ചു.
അപകട സാധ്യത കുറക്കുന്നതിനായി സ്റ്റേഷനിൽ ഒരു ഫൂട്ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നും, നിലവിലെ ടിക്കറ്റ് കൗണ്ടർ മാറ്റി ബസ്റ്റാൻഡിൽ എത്തുന്നവർക്ക് കൂടി സൗകര്യപ്രദമാകുന്ന രീതിയിൽ മാറ്റി സ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പട്ടാമ്പി റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി ആവശ്യമായ പ്രപ്പോസലുകൾ അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ MLA ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്നും മുഹമ്മദ് മുഹ്സിൻ MLA പറഞ്ഞു.
രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ, ശുചിമുറി, എന്നിവ സ്ഥാപിക്കണമെന്നും പ്ലാറ്റ്ഫോമിന്റെ മേൽക്കൂര കൂടുതൽ ഭാഗങ്ങളിലേക്ക് നീട്ടണമെന്നും ആവശ്യമുയർന്നു. യോഗത്തിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ യോഗത്തിൽ അറിയിച്ചു.
മുഹമ്മദ് മുഹ്സിൻ MLA, പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, മറ്റ് ജനപ്രതിനിധികൾ, അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ ജോൺ ക്ലമെന്റ്, ജൂനിയർ എഞ്ചിനീയർ വർക്സ് ജെയിംസ്, സ്റ്റേഷൻ മാനേജർ പോൾ തലുവത്ത്, ഇൻസ്പെക്ടർ ബാബു, ചീഫ് കോമേഴ്ഷ്യൽ സുപ്രണ്ട് ഗോകുലദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, സീനിയർ സിറ്റിസൻ ഭാരവാഹികൾ വിവിധ സംഘടന ഭാരവാഹികൾ വിദ്യാർത്ഥികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

