തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി കരിപ്പാലി വീട്ടിൽ കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യെലഹങ്ക സ്വദേശിയും സ്വീറ്റ് കോൺ നിർമ്മാണ കമ്പനിയുടെ ഉടമയുമായ ആനന്ദിനെ യെലഹങ്ക പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു കിരൺ. കിരണിന്റെ സഹോദരൻ ഹൃതിക്കും ഇതേ കമ്പനിയിലെ ജീവനക്കാരനാണ്. ബംഗളുരുവിലെ പച്ചക്കറി കടയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരനൊപ്പമാണ് കിരൺ താമസിച്ചിരുന്നത്.

🔴പ്രണയം കൊലയിൽ കലാശിച്ചു

ജോലി ചെയ്യുന്നതിനിടയിലാണ് തൊഴിലുടമയായ ആനന്ദിന്റെ 19 വയസ്സുള്ള മകളെ കിരൺ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. മൈസൂരുവിൽ പഠിക്കുന്ന പെൺകുട്ടി ദിവസങ്ങൾക്ക് മുമ്പ് അവധിക്ക് വീട്ടിലെത്തിയിരുന്നു.

ഇന്നലെ രാവിലെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോയ തക്കം നോക്കി കിരൺ പെൺകുട്ടിയെ കാണാൻ വീട്ടിലെത്തുകയായിരുന്നു. എന്നാൽ യാത്രാമധ്യേ അപ്രതീക്ഷിതമായി തിരിച്ചെത്തിയ ആനന്ദ് മകളെയും കിരണിനെയും വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.

🔴ബാറ്റും പൈപ്പും ഉപയോഗിച്ച് മർദ്ദനം

ഇതിൽ കടുത്ത പ്രകോപിതനായ ആനന്ദ് ആദ്യം മകളെ ബന്ധുവീട്ടിലാക്കി. ശേഷം ബാറ്റും പൈപ്പും ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടിവയറ്റിൽ ശക്തമായ ചവിട്ടേറ്റ കിരൺ കുഴഞ്ഞുവീണു.

കുഴഞ്ഞുവീണ കിരണിനെ ആനന്ദ് തന്നെയാണ് ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കിരൺ മരണപ്പെട്ടിരുന്നു.

കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ യെലഹങ്ക പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

🔴മൃതദേഹം മോർച്ചറിയിൽ

യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുള്ള കിരണിന്റെ മൃതദേഹത്തിന്റെ തുടർനടപടികൾ യെലഹങ്ക പോലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പ്രണയത്തിന്റെ പേരിൽ 22 കാരനായ ചെറുപ്പക്കാരൻ കൊല്ലപ്പെട്ട സംഭവം പട്ടാമ്പിയിലും ബംഗളുരുവിലുമുള്ള മലയാളികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ചെമ്പ്രയിലെ വീട്ടിൽ വലിയ ദുഃഖമാണ് നിറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *