ബെംഗളൂരുവിൽ കൊല്ലപ്പെട്ട പട്ടാമ്പി ചെമ്പ്ര സ്വദേശി കിരണിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും.* പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതോടെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു. പെൺസുഹൃത്തിന്റെ പിതാവിന്റെ മർദ്ദനമേറ്റാണ് കിരൺ കൊല്ലപ്പെട്ടത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം കൊലപാതകത്തിന് പിന്നിൽ കൊട്ടേഷൻ ആണെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതായി വിവരം. സംഭവത്തിൽ കൂടുതൽ ആളുകൾ കസ്റ്റഡിയിലുണ്ടെന്നും സൂചന.

ചൊവ്വാഴ്ച വൈകുന്നേരമാണ് തിരുവേഗപ്പുറ ചെമ്പ്ര ആലിൻചുവട് സ്വദേശി സിദ്ധാർത്ഥന്റെയും ശബരിയുടെയും മകൻ 21 വയസ്സുകാരൻ കിരണിനെ ബംഗളൂരു യെലഹങ്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കിരണിന്റെ പെൺസുഹൃത്തിന്റെ പിതാവ് യെലഹങ്ക സ്വദേശിയും സ്വീറ്റ് കോൺ നിർമ്മാണ കമ്പനിയുടെ ഉടമയുമായ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവമറിഞ്ഞ് കിരണിന്റെ ബന്ധുക്കൾ യെലഹങ്കയിലെത്തി. വ്യാഴാഴ്ച രാവിലെ ഉത്തർപ്രദേശിൽ നിന്ന് എത്തിയ കിരണിന്റെ ജേഷ്ഠൻ ഋതിക്കിന്റെ മൊഴി യെലഹങ്ക പോലീസ് വിശദമായി രേഖപ്പെടുത്തി. അതിന് ശേഷം വൈകുന്നേരത്തോടെ കിരണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. വെള്ളിയാഴ്ച പുലർച്ചയോടെ മൃതദേഹം ചെമ്പ്രയിലെ വീട്ടിൽ എത്തും എന്നാണ് വിവരം. വിദേശത്തുള്ള മാതാപിതാക്കൾ നാട്ടിലെത്തിയിട്ടുണ്ട്.

ആനന്ദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു കിരൺ. കിരണിന്റെ സഹോദരൻ ഹൃതിക്കും ഇതേ കമ്പനിയിലെ ജീവനക്കാരനാണ്. കിരണിനെ രണ്ടുദിവസമായി ബെംഗളൂരുവിൽ നിന്ന് കാണാതായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

മകളെ പ്രണയിച്ചെന്ന് ആരോപിച്ചാണ് കിരണിനെ ഫാക്ടറി ഉടമ തമിഴ്നാട് സ്വദേശി ആനന്ദ് അടിച്ചുകൊന്നത്. ആനന്ദിന്റെ ഉടമസ്ഥതയിൽ യെലഹങ്കയിൽ സ്വീറ്റ് കോൺ യന്ത്രങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലാണു കിരൺ ജോലി ചെയ്തിരുന്നത്. മകളുമായുള്ള പ്രണയത്തിൽ നിന്നു പിൻമാറാൻ ആനന്ദ് പലതവണ ആവശ്യപ്പെട്ടിരുന്നു.

മൈസൂരുവിൽ പഠിക്കുന്ന പെൺകുട്ടി ദിവസങ്ങൾക്ക് മുമ്പ് അവധിക്ക് വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരെയും വീട്ടിൽ ഒരുമിച്ച് കണ്ട ആനന്ദ്, കിരണിനെ ഫാക്ടറി ഗോഡൗണിൽ വെച്ച് ക്രിക്കറ്റ് ബാറ്റും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മർദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ കിരൺ ആശുപത്രിയിൽ എത്തുംമുമ്പേ മരിച്ചു.

എന്നാൽ ആനന്ദ് ക്വട്ടേഷൻ നൽകി കൊന്നതാണെന്ന് ആരോപിച്ച് ബന്ധുക്കൾ കൂടുതൽ അന്വേഷണം തേടി പോലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾ പൊലീസിന്റെ പിടിയിലായെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. ആശുപത്രിയിൽ വെച്ച് മരിച്ചതാണെങ്കിലും മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയെന്നതിലും ദുരൂഹത തുടരുന്നു.

കിരണിന് ഡിഗ്രിക്ക് പഠിക്കുന്ന ഒരു സഹോദരിയുമുണ്ട്. കിരണിന്റെ പ്രണയബന്ധത്തെ കുറിച്ച് വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് സഹോദരി കൃപ വ്യക്തമാക്കിയിരുന്നു. കിരണിന്റെ വിയോഗത്തിൽ ചെമ്പ്രയിലെ വീടും പരിസരവും ദുഃഖത്തിലാണ്. ജോലിക്കായി നാട് വിട്ട യുവാവിന്റെ മരണം നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

You missed