പാലക്കാട് നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. മങ്കര വെള്ള റോഡ് കണ്ണമ്പരിയാരം കൂട്ടാല വീട്ടിൽ കലേഷിന്റെ ഭാര്യ നീതു (30) ആണ് മരിച്ചത്. ഇന്നലെ പകൽ 2.20-ഓടെ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. നെന്മാറയിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ‘കൃഷ്ണരാജ്’ എന്ന സ്വകാര്യ ബസ് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിൻ്റെ വശം തട്ടി സ്കൂട്ടറിൻ്റെ പിന്നിലിരുന്ന നീതു റോഡിലേക്ക് തെറിച്ചുവീഴുകയും ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീതു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

