പട്ടാമ്പി മുതൽ ചാലിശ്ശേരി വരെ 14 കിലോമീറ്റർ നീളം റോഡിൽ കുണ്ടും കുഴിയും കാരണം സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്താൻ കഴിയുന്നില്ലെന്ന് കാണിച്ചുകൊണ്ടാണ് സെപ്റ്റംബർ 7ന് ഈ റൂട്ടിൽ പോകുന്ന സ്വകാര്യ ബസ്സുകൾ സൂചന പണിമുടക്ക് നടത്തുന്നത്. തുടർന്ന് റോഡിലൂടെ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്താനാണ് ബസ്സുടമ തൊഴിലാളി സംയുക്ത സമിതിയുടെ തീരുമാനം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് വിവിധ വകുപ്പ് അധികൃതർക്ക് നോട്ടീസ് നൽകി. റോഡ് തകർച്ച സ്വകാര്യ ബസ്സുകളുടെ തകർച്ചയ്ക്കും കാരണമാകുന്നുണ്ടെന്നും ഇതുമൂലം വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് ബസുകൾ സർവീസ് നടത്തുന്നതെന്നും ഉടമകൾ പറഞ്ഞു. പെരുമ്പിലാവ് പട്ടാമ്പി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ചാലിശ്ശേരി മുതൽ കൂറ്റനാട് വരെയുള്ള ഭാഗത്ത് പഴയ റോഡ് പൊളിച്ചത്. എന്നാൽ നവീകരണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയാതായതോടെയാണ് ജനങ്ങൾ ദുരിതത്തിൽ ആയത്. നിലവിൽ അഴുക്കുചാൽ നിർമ്മാണമാണ് ഇവിടെ നടക്കുന്നത്. മഴപെയ്തതോടെ പൊളിച്ചിട്ട റോഡിൽ കൊണ്ടും കുഴിയും നിറയുകയും വെള്ളക്കെട്ട് രൂപം കൊള്ളുകയും ചെയ്തതോടെ കാൽനടയാത്ര പോലും ദുസ്സഹമാണ്. പട്ടാമ്പി മുതൽ കൂറ്റനാട് വരെയുള്ള പാതയും തകർന്ന് കിടക്കുകയാണ്. കൂട്ടുപാത മുതൽ കൂറ്റനാട് വരെയാണ് തകർച്ച രൂക്ഷം. എത്രയും പെട്ടെന്ന് റോഡ് നവീകരണം പൂർത്തിയാക്കുകയും അറ്റകുറ്റപണികൾ നടത്തുകയോ ചെയ്തു വാഹന യാത്രക്കാരുടെയും സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ്, റഷീദ്, AKBPM ജില്ലാ സെക്രട്ടറി പി രാജേഷ്, APBOA താലൂക്ക് പ്രസിഡണ്ട് യുകെ മുഹമ്മദ്, ശശി കൊടവനപറമ്പിൽ, ജീവനക്കാരായ PA റഷീദ്, മുനീർ കാശാമുക്ക്, നിഷോയ് തുടങ്ങിയവർ പങ്കെടുത്തു.

