ലഹരിക്കെതിരായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായ ഓപ്പറേഷൻ ഗ്രീൻ ലീഫ് പരിശോധനയിൽ അട്ടപ്പാടിയിൽ വൻ കഞ്ചാവ് കൃഷി കണ്ടെത്തി. അട്ടപ്പാടി പാടവയൽ മണിക്കൽ മലയുടെ പടിഞ്ഞാറെ ചെരുവിൽ നിന്നാണ് 610 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. മൂന്ന് മുതൽ അഞ്ച് മാസം വരെ പ്രായമായ ചെടികളാണ് കണ്ടെത്തിയത്.
പാലക്കാട് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. പാലക്കാട് EE&ANSS, പാലക്കാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഓഫീസ്, അഗളി എക്സൈസ് റേഞ്ച് ഓഫീസ്, മുക്കാലി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
വളരെ ദുർഘടം പിടിച്ച പ്രദേശത്താണ് കൃഷി നടത്തിയിരുന്നത്. കാൽനടയായി ചെങ്കുത്തായ മലയിടുക്കിലൂടെ ഉൾവനത്തിൽ മണിക്കൂറുകൾ നടന്നാണ് സംഘം സ്ഥലത്തെത്തിയത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തതാണ് എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു ചെടികൾ നട്ടിരുന്നത്. കണ്ടെത്തിയ എല്ലാ ചെടികളും സംഘം സ്ഥലത്ത് വെച്ച് തന്നെ നശിപ്പിച്ചു.
അട്ടപ്പാടി വന മേഖലകളിലും തമിഴ്നാട് അതിർത്തി മേഖലയിലും വാണിജ്യ വ്യവസായ രീതിയിൽ കഞ്ചാവ് കൃഷി നടത്തുന്ന സംഘങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. ഇതിന് പിന്നിൽ വൻ ലഹരി മാഫിയ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസ് എ, എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി, AEI(Gr) പ്രസാദ് കെ, PO(Gr) ലുക്കോസ് കെ ജെ, പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ എം, രജീഷ് എ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണമൂർത്തി, രജിത്ത് എൻ, സുധീഷ് കെ, അഷ്കർ എം എന്നിവർ ഉണ്ടായിരുന്നു. ലഹരിക്കെതിരെ ഇത്തരം പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

