പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ (RARS) നിർമിച്ച ഭീമൻ ജലസംഭരണിയുടെ തുടർപ്രവർത്തനങ്ങൾക്ക് നടപടിയാകുന്നു. ഇതിന്റെ ഭാഗമായി RARS ൽ ഉന്നതതല യോഗം ചേർന്നു. മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
4 കോടി രൂപ ചിലവിലാണ് പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഭീമൻ ജലസംഭരണി നിർമ്മിച്ചത്. ജലസംരക്ഷണവും കാർഷിക ജലസേചനവും ലക്ഷ്യമിട്ടുകൊണ്ടാണ് 2 ഏക്കർ വിസ്തൃതിയിലുള്ള ജലസംഭരണിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
പാലക്കാട് ജില്ലയിലെ പ്രധാന നെൽകൃഷി ഗവേഷണ കേന്ദ്രമാണ് പട്ടാമ്പി RARS. വേനൽ കാലത്ത് നേരിടുന്ന രൂക്ഷമായ വരൾച്ച നെല്ല് കൃഷി, പച്ചക്കറി കൃഷി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമായിരുന്നു. ഈ സാഹചര്യത്തിലാണ് വർഷകാലത്ത് ലഭിക്കുന്ന മഴവെള്ളം സംഭരിച്ച് വേനലിൽ കൃഷിക്കായി ഉപയോഗിക്കാൻ ജലസേചനം ഉറപ്പുവരുത്തുന്നതിന് കുളം നിർമ്മിക്കാൻ പദ്ധതി ആവിഷ്കരിച്ചത്.
പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥതല യോഗം ചേർന്നത്. കുളത്തിന്റെ ചുറ്റുമുള്ള ബണ്ട് ഉറച്ചതിന് ശേഷം സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ യോഗത്തിൽ തീരുമാനമായി.
ഇതിന്റെ ഭാഗമായി കുളത്തിന് ചുറ്റും ഫെൻസിങ് സ്ഥാപിക്കും. കുളത്തിൽ ഇറങ്ങുന്നവർക്ക് അപകടം സംഭവിക്കാതിരിക്കാൻ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ, ലൈഫ് ബോയ്കൾ, മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങിയവ ഒരുക്കാനും ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ കുളത്തിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പമ്പിംഗ് സൗകര്യങ്ങളും ശക്തിപ്പെടുത്തും.

ജലസംരക്ഷണത്തിന് പുറമേ ഫാം ടൂറിസത്തിന്റെ ഭാഗമായി കുളത്തെ മാറ്റാനും ലക്ഷ്യമിടുന്നുണ്ട്. കുളത്തിന് ചുറ്റും അലങ്കാര ചെടികളും പൂച്ചെടികളും വെച്ച് ആകർഷകമാക്കാനും സന്ദർശകർക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. ഇതോടെ RARS സന്ദർശിക്കാനെത്തുന്ന വിദ്യാർത്ഥികൾക്കും കർഷകർക്കും കുളം ഒരു പ്രധാന ആകർഷണമാകും.
യോഗത്തിൽ RARS ഉദ്യോഗസ്ഥരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ എംഎൽഎ നിർദ്ദേശം നൽകി.

