പാലക്കാട്: ‘ഓപ്പറേഷൻ തുഫാൻ’ ലഹരിക്കെതിരായ ജനകീയ മുന്നേറ്റമായി മാറിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.പാലക്കാട് കോട്ടമൈതാനത്ത് നടന്ന തൂഫാൻ ജാഗരൺ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 200 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി മന്ത്രി അറിയിച്ചു. 15,000-ത്തിലധികം അറസ്റ്റുകൾ രേഖപ്പെടുത്തി. നാൽപതിലധികം പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ലഹരി മാഫിയക്കെതിരെ സർക്കാർ നടത്തുന്ന ഏറ്റവും ശക്തമായ പോരാട്ടമാണ് ഓപ്പറേഷൻ തുഫാനെന്ന് അദ്ദേഹം പറഞ്ഞു.

*മൂന്ന് ഘട്ടങ്ങളിലായി പദ്ധതി*
തുഫാൻ സ്ട്രൈക്ക്, തുഫാൻ വോളന്റിയേഴ്സ്, തുഫാൻ കെയർ എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ശക്തമായ നിയമനടപടികൾക്കൊപ്പം ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിച്ചു ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള പുനരധിവാസ പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നുണ്ട്.
രണ്ടാം ഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും കോർപ്പറേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എല്ലാ വാർഡുകളിലും ലഹരിക്കെതിരെ തുഫാൻ ഗ്രാമസഭകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാർഡ് തലം വരെ ജനങ്ങളെ പങ്കാളികളാക്കിയാണ് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നത്.
*അതിർത്തിയിൽ ജാഗ്രത വേണം*
പാലക്കാട് അതിർത്തി പ്രദേശമായതിനാൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് ഇങ്ങോട്ട് ലഹരി എത്തിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ കേരളത്തിൽ നേരിട്ട് വിൽപനയില്ല, കോയമ്പത്തൂരിലും അതിർത്തി പ്രദേശങ്ങളിലുമാണ് വിൽപന നടക്കുന്നത്. ഈ അതിർത്തി കടന്നുവരുന്ന ലഹരി മാഫിയയെ തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

*2500-ലധികം വളണ്ടിയർമാർ റാലിയിൽ*
പ്രൗഡ് ഓഫ് പാലക്കാടിന്റെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റും നൂറിലധികം സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച റാലിയിൽ 2,500-ലധികം എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാരും വിദ്യാർത്ഥികളും പങ്കെടുത്തു. ഫ്ലാഷ് മോബുകൾ, മൂകാഭിനയങ്ങൾ, ബാൻഡ് വാദ്യം, ലഹരിവിരുദ്ധ നാടകം, തീം സോങ്, സംഗീത സദസ്സ് എന്നിവയും അരങ്ങേറി. വിശിഷ്ട വ്യക്തികളെ തൂഫാൻ ബാഡ്ജ് നൽകി ആദരിച്ചു.
ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി അധ്യക്ഷനായി. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി, എം.എൽ.എമാരായ രമേശ് പിഷാരടി, സുമേഷ് അച്യുതൻ, ജില്ലാ കളക്ടർ കെ. സുധീർ, ഐ.ജി പുട്ട വിമലാദിത്യ, ഡി.ഐ.ജി നാരായണൻ, മലപ്പുറം എസ്.പി ചൈത്ര തെരേസ ജോൺ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പത്മശ്രീ രാമചന്ദ്രപുലവർ, പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

