പരാതികൾക്ക് പരിഹാരമുണ്ടാകുന്നില്ലെന്ന പരാതികളുമായി വീണ്ടും പട്ടാമ്പി താലൂക്ക് വികസന സമിതി യോഗം ചേർന്നു. റോഡ് തകർച്ച, ജലജീവൻ മിഷൻ, മരങ്ങൾ മുറിച്ചു നീക്കൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ച നടന്നു. യുഡിഎഫ് ജനപ്രതിനിധികളാണ് കൂടുതലും വിമർശനം ഉന്നയിച്ചത്.

പറയുന്ന പരാതികൾക്ക് പരിഹാരം ഇല്ല. ഇപ്പൊ ചെയ്യാം നാളെ ചെയ്യാം, കാണാം എന്ന മറുപടികളല്ലാതെ പരിഹാരങ്ങൾ ഉണ്ടാകുന്നില്ലെന്ന വിമർശനങ്ങളുമായാണ് പട്ടാമ്പി താലൂക്ക് വികസന സമിതി യോഗം തുടങ്ങിയത്. ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും വിമർശനം ഉന്നയിച്ചു.
നമ്മൾ വരുന്നു, മുൻപ് പറഞ്ഞത് പിന്നേം പറയുന്നു, എഴുതിവെക്കുന്നു, പോകുന്നു എന്താണിതിനൊരു അർത്ഥമെന്ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എപി രാമദാസ് മാസ്റ്റർ യോഗത്തിൽ പറഞ്ഞു. യോഗങ്ങളിൽ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് തുടർനടപടി ഉണ്ടാകുന്നില്ലെന്നത് ജനപ്രതിനിധികളെ നിരാശരാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ യോഗത്തിലും ഒരേ പരാതികൾ തന്നെ ആവർത്തിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജലജീവൻ മിഷൻ പദ്ധതിക്കെതിരേയും വിമർശനം ഉയർന്നു. ഇന്നിട്ടാൽ നാളെ പൊട്ടും, സ്വിച്ചിട്ടാൽ തൂഫാനാകുമെന്ന് മുതുതല പഞ്ചായത്ത് പ്രസിഡണ്ട് കെപി മണി ആക്ഷേപം ഉന്നയിച്ചു. ജലജീവൻ പൈപ്പുകൾ പൊട്ടി റോഡുകൾ തകരുന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതും പതിവായെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുമ്പോൾ ഗുണനിലവാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
പൊളിച്ചിടാൻ ജലജീവനും വാട്ടർ അതോറിറ്റിയും മിടുക്കന്മാരാണെന്നും അത് നേരെയാക്കാൻ പഞ്ചായത്ത് വേണമെന്നും അതിൽ വലിയ സന്തോഷമുണ്ടെന്നും കൊപ്പം പഞ്ചായത്ത് പ്രസിഡണ്ട് ടിവി വത്സല ആക്ഷേപം ഉന്നയിച്ചു. റോഡ് പൊളിച്ച് പൈപ്പ് ഇട്ട ശേഷം അത് പൂർവ്വസ്ഥിതിയിലാക്കാൻ വൈകുന്നതാണ് പ്രധാന പ്രശ്നമെന്നും അവർ ചൂണ്ടിക്കാട്ടി.
റോഡുകളുടെ തകർച്ചയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമായി. മഴക്കാലത്തിന് ശേഷം തകർന്ന റോഡുകൾ നന്നാക്കാൻ നടപടി വൈകുന്നതിൽ ജനപ്രതിനിധികൾ അതൃപ്തി പ്രകടിപ്പിച്ചു. മരങ്ങൾ മുറിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം വൈകുന്നതായി ആക്ഷേപം ഉയർന്നു. അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ അനുമതി ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതായി പറഞ്ഞു.
വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യവും യോഗത്തിൽ ചർച്ചയായി. പ്രധാനപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ എത്താത്തത് പരാതികൾക്ക് പരിഹാരം കാണുന്നതിന് തടസമാകുന്നുണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു. എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉന്നയിച്ച പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ യോഗത്തിൽ ഉറപ്പ് നൽകി. അടുത്ത യോഗത്തിന് മുമ്പ് പരാതികളിൽ പുരോഗതി ഉണ്ടാകുമെന്നാണ് ജനപ്രതിനിധികളുടെ പ്രതീക്ഷ.
