പട്ടാമ്പി മുതുതല തൃത്താല കൊപ്പം പാതയിലെ പുതുപ്പാലം പൊളിച്ച് പുതുക്കിപ്പണിയാൻ നടപടി. നിർമ്മാണ സമയത്ത് താൽക്കാലിക ഗതാഗത സംവിധാനം ഒരുക്കും. ഇതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ചു.

പട്ടാമ്പി മണ്ഡലത്തിലെ പ്രധാന പാതയായ പട്ടാമ്പി കൊടുമുണ്ട മുതുതല വഴി തൃത്താല കൊപ്പത്ത് എത്തുന്ന റോഡിന്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായാണ് പുതുപ്പാലം പൂർണ്ണമായും പൊളിച്ചു നീക്കി പുതിയ പാലം നിർമ്മിക്കുന്നത്. റോഡ് വീതി കൂട്ടി നവീകരിക്കുമ്പോൾ തോടിന് കുറുകെ ഉള്ള വീതി കുറഞ്ഞ പാലം ഗതാഗത തടസ്സം സൃഷ്ടിക്കുമെന്ന സാഹചര്യത്തിലാണ് പാലം പുതുക്കി പണിയുന്നത്.

പാലം പണിയാൻ നാലരക്കോടിയോളം രൂപയും അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. പാലം പൊളിച്ചു പണിയാൻ ആറുമാസം സമയമെടുക്കും.

ഇക്കാലയളവിൽ ഇതുവഴിയുള്ള ഗതാഗതത്തിന് ബദൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലത്ത് സന്ദർശനം നടത്തി.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കൊടുമുണ്ട മുതൽ മുതുതല പുതുപാലം വരെയുള്ള രണ്ട് കിലോമീറ്ററോളം റോഡ് നവീകരിക്കാൻ 5 അര കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പുതുപാലം മുതൽ തൃത്താല കൊപ്പം വരെയുള്ള റോഡ് കിഫ്ബിയുടെ മേൽനോട്ടത്തിൽ 17 കോടി രൂപ ചിലവിൽ നവീകരിക്കാനാണ് പദ്ധതി.

പാലം പണിയും റോഡ് നവീകരണവും പൂർത്തിയായാൽ പട്ടാമ്പി നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും ബസ്റ്റാൻഡ്, പെരുമുടിയുർ, കൊടുമുണ്ട ഭാഗങ്ങളിൽ നിന്നും കൊപ്പം ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പാതയായി ഇത് മാറും.

ഈ പാത പൂർണ്ണമായും നവീകരിക്കുന്നതോടെ പട്ടാമ്പി – കൊപ്പം യാത്ര കൂടുതൽ സുഗമമാകും. നിലവിൽ വീതി കുറഞ്ഞ പാലവും തകർന്ന റോഡും കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സ്കൂൾ, ആശുപത്രി യാത്രകൾക്കും ഈ റോഡിനെ ആശ്രയിക്കുന്ന നിരവധി പേരുണ്ട്.

നിർമ്മാണ സമയത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ താൽക്കാലിക പാലമോ ബദൽ റോഡോ ഒരുക്കുന്ന കാര്യമാണ് സംഘം പരിശോധിച്ചത്. ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് വേഗത്തിൽ ബദൽ സംവിധാനം ഒരുക്കുമെന്ന് എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *