തൃത്താല ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരശീല ഉയർന്നു. അഞ്ച് ദിനങ്ങളിലായി ആനക്കരയിൽ വെച്ച് നടക്കുന്ന കലയുടെ വർണ്ണോത്സവത്തിന് ആവേശകരമായ തുടക്കമായി.

തൃത്താല ആനക്കര ഡോ. ക്യാപ്റ്റൻ ലക്ഷ്മി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, അമ്മു സ്വാമിനാഥൻ വിദ്യാലയം – ഡയറ്റ് ആനക്കര എന്നിവിടങ്ങളിലായി സജ്ജീകരിച്ച പ്രത്യേക വേദികളിലായാണ് കലാ മത്സരങ്ങൾ അരങ്ങേറുന്നത്.

വേദി 1 ശങ്കരനാഭരണത്തിൽ വെച്ച് തൃത്താല എംഎൽഎ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾക്കപ്പുറം കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും കലാപരമായ അഭിരുചികൾ വളർത്താനും നമ്മുടെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് കൈമാറാനും കലോത്സവങ്ങൾ വലിയൊരു അവസരം ആകട്ടെ എന്ന് എംഎൽഎ പറഞ്ഞു.

സ്വാഗതസംഘം ചെയർമാനും ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് സീനത്ത് പുളിക്കൽ അധ്യക്ഷയായി. തൃത്താല ഉപജില്ല കലോത്സവത്തിന് ലോഗോ തയ്യാറാക്കിയ ദിയാ പി.സിയെ വേദിയിൽ വെച്ച് അനുമോദിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നസീമ നാസർ, ശശിരേഖ, ജയന്തി ജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സുനിൽകുമാർ തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആനക്കര ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ കെ എ ജയശ്രീ, ഹെഡ്മാസ്റ്റർ ഡോക്ടർ നെൽസൺ സി ഏലിയാസ്, പിടിഎ, എംപിടിഎ, പൂർവ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ തുടങ്ങി നിരവധി പേർ സംസാരിച്ചു.

ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. ശാസ്ത്രീയ സംഗീതം, നൃത്തം, നാടകം, ചിത്രരചന, സാഹിത്യ മത്സരങ്ങൾ തുടങ്ങി വിവിധ ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദികൾ ഒരുങ്ങിക്കഴിഞ്ഞു.

ആദ്യദിനം തന്നെ മത്സരവേദികളിൽ വലിയ ആവേശമാണ് കണ്ടത്. രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും അടക്കം നിരവധി പേർ ആനക്കരയിൽ എത്തിച്ചേർന്നു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവം വിജയകരമായി നടത്താൻ വിപുലമായ ഒരുക്കങ്ങളാണ് സ്വാഗതസംഘം ഒരുക്കിയിട്ടുള്ളത്.

ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടാനുള്ള മത്സരം കൂടിയാണ് ഉപജില്ല കലോത്സവം. അതുകൊണ്ട് തന്നെ ഓരോ ഇനത്തിലും കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. കലോത്സവം കുട്ടികൾക്ക് പുതിയ സൗഹൃദങ്ങളും അനുഭവങ്ങളും സമ്മാനിക്കുമെന്നാണ് സംഘാടകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *