വല്ലപ്പുഴയിൽ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റ് അടയ്ക്കുന്നതോടെയുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാൻ നടപടി. ഗ്രാമപഞ്ചായത്ത് നിർദേശം പരിഗണിച്ചുകൊണ്ട് താൽക്കാലിക ഗേറ്റ് സ്ഥാപിച്ച് ബദൽ യാത്ര സൗകര്യം ഒരുക്കാൻ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

വല്ലപ്പുഴ റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള റെയിൽവേ ഗേറ്റ് മാസങ്ങളോളം പൂർണമായും അടച്ചിടാനാണ് റെയിൽവേയുടെ തീരുമാനം. പട്ടാമ്പി – ചെർപ്പുളശ്ശേരി പ്രധാനപാതയിൽ ഇത് വലിയ യാത്രാക്ലേശം സൃഷ്ടിക്കുന്ന സാഹചര്യം വന്നതോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്നത്.

നിലവിലെ ഗേറ്റ് അടയ്ക്കുമ്പോൾ യാത്രാതടസ്സം ഉണ്ടാകാതിരിക്കാൻ ബദൽ മാർഗമായി പുതിയ താൽക്കാലിക ഗേറ്റ് സജ്ജീകരിച്ച് യാത്രാവാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം. താൽക്കാലിക ഗതാഗത സൗകര്യം ഒരുക്കാൻ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് നൽകിയ നിർദ്ദേശം പരിഗണിച്ചുകൊണ്ടാണ് തീരുമാനം. ഇതിന് റെയിൽവേ അനുകൂല മറുപടി നൽകിയതായി വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.

തുടർനടപടികളുടെ ഭാഗമായി ഈ മാസം 10ന് ജനപ്രതിനിധികളും റെയിൽവേ, റവന്യു ഉദ്യോഗസ്ഥരും നിർദിഷ്ട സ്ഥലം സന്ദർശിക്കും. ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾക്കും വലിയ വാഹനങ്ങൾക്കും തടസ്സമില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലുള്ള കൃത്യമായ ബദൽ സൗകര്യം ഏർപ്പെടുത്തണമെന്ന് യോഗത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ ആവശ്യപ്പെട്ടു.

സംയുക്ത പരിശോധനയ്ക്കു ശേഷമുള്ള റിപ്പോർട്ട് റെയിൽവേ ചീഫ് എൻജിനീയർ പരിശോധിച്ചതിനു ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി.

മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഇടപെടലിലൂടെ 23 കോടി 28 ലക്ഷം രൂപയാണ് മേൽപ്പാല നിർമ്മാണത്തിന് സംസ്ഥാന സർക്കാർ വകയിരുത്തിയത്. 42 ലക്ഷം രൂപ ചിലവിൽ സ്ഥലം ഏറ്റെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു. ഇതോടൊപ്പം തന്നെ നടപടികൾ ആരംഭിച്ച വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാല നിർമ്മാണം പൂർത്തിയായി. കൊടുമുണ്ട മേൽപ്പാല നിർമ്മാണത്തിന്റെ നടപടികളും പുരോഗമിക്കുകയാണ്.

വല്ലപ്പുഴയിലെ റെയിൽവേ ഗേറ്റ് ദിവസവും നിരവധി തവണ അടയ്ക്കുന്നത് മൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സ്കൂൾ, ആശുപത്രി യാത്രകൾക്കും ജോലിക്ക് പോകുന്നവർക്കും ഗേറ്റ് അടയ്ക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ മേൽപ്പാലം വരുന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

മേൽപ്പാല നിർമ്മാണം പൂർത്തിയാകുന്നതോടെ പട്ടാമ്പി – ചെർപ്പുളശ്ശേരി റൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നിർമ്മാണ കാലത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ താൽക്കാലിക ഗേറ്റ് സംവിധാനം വലിയ ആശ്വാസമാകും. സംയുക്ത പരിശോധനയ്ക്ക് ശേഷം വേഗത്തിൽ നടപടികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *