പാലക്കാട് ഒറ്റപ്പാലത്ത് നിന്നും സ്കൂൾ കുട്ടികളുമായി മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് പൂർണ്ണമായും കത്തി നശിച്ചു. വലിയ ദുരന്തം ഒഴിവായി. ബസ്സിനുള്ളിൽ ഉണ്ടായിരുന്നവർ മുഴുവൻ പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന സംഘമാണ് ശനിയാഴ്ച പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്.
കൊടൈക്കനാൽ സന്ദർശനം കഴിഞ്ഞ് തിരികെ മൂന്നാറിലേക്ക് പോകുന്നതിനിടെയാണ് അപകടം എന്നാണ് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് മുൻപ് തമിഴ്നാട് തേനി ജില്ലയിലെ ദേവദാനപ്പെട്ടി എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം.
ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ്സിന്റെ പിറകുഭാഗത്തെ ചക്രം പൊട്ടിത്തെറിക്കുകയും വാഹനം നിർത്തി പരിശോധിക്കുകയും ആയിരുന്നു. അതിനിടെ പിറകുഭാഗത്തുനിന്നും ഒരു സ്പാർക്ക് കണ്ടതിനെ തുടർന്ന് ബസ് ജീവനക്കാരും അധ്യാപകരും കുട്ടികളെ ഇറക്കി ഒരു ഭാഗത്തേക്ക് മാറ്റി നിർത്തുകയായിരുന്നു.
ഇതിന് പിന്നാലെ ബസിന് പൂർണമായും തീ പിടിച്ചെന്ന വിവരമാണ് സംഘത്തിൽ ഉണ്ടായിരുന്ന അധ്യാപകർ പ്രധാന അധ്യാപകനെ അറിയിച്ചത്. ആർക്കും പരിക്കില്ല എന്നത് വലിയ ആശ്വാസകരമാണ്.
ഉടനെ തന്നെ ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും ബസ്സിന്റെ മുക്കാൽ ഭാഗവും കത്തി നശിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ബാഗുകൾ ഉൾപ്പെടെ കത്തി നശിച്ചു.
മറ്റൊരു വാഹനം എത്തിച്ച് കുട്ടികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ഇടപെടലുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ബസ് ജീവനക്കാരുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സ്പാർക്ക് കണ്ട ഉടൻ തന്നെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് ജീവൻ രക്ഷിക്കാൻ കാരണമായി. സംഭവം അറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലായി. എല്ലാവരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചതോടെയാണ് ആശങ്ക മാറിയത്.
വിനോദയാത്രയ്ക്ക് പോകുന്ന ബസുകളുടെ ഫിറ്റ്നസും സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യവും ഇതോടെ വീണ്ടും ഉയരുന്നുണ്ട്.
