പാലക്കാട്: ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ KSRTC ബസുകൾ തടഞ്ഞിട്ടു. ഇന്ന് രാവിലെ മാത്രം അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ അഞ്ചോളം ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്.
ഫാസ്റ്റാഗിൽ ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ടോൾ പ്ലാസ ജീവനക്കാർ ബസുകൾ കടത്തിവിടാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിലായി. രാവിലെ തിരക്കേറിയ സമയത്ത് ബസുകൾ തടഞ്ഞിട്ടതോടെ ടോൾ പ്ലാസയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ടോൾ പ്ലാസയിൽ ബസ് തടഞ്ഞതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകേണ്ട യാത്രക്കാർ സമയത്ത് എത്താൻ കഴിയാതെ വലഞ്ഞു. ഇതോടെ യാത്രക്കാരെ ബസിൽ നിന്ന് ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപം മാറ്റിയിട്ടു. ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മറ്റു ബസ്സുകളിൽ കയറി യാത്ര തുടർന്നു. ചില യാത്രക്കാർ സ്വകാര്യ വാഹനങ്ങളിൽ കയറി പോകുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഡിപ്പോയിൽ നിന്ന് ഫാസ്റ്റാഗ് റീചാർജ് ചെയ്യാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസം നേരിട്ടതായി ജീവനക്കാർ പറയുന്നു. ഒടുവിൽ കണ്ടക്ടർ സ്വന്തം കൈയിൽ നിന്ന് ഗൂഗിൾ പേ വഴി ടോൾ പ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.
അഞ്ച് ബസുകൾക്കും സമാനമായ രീതിയിൽ ജീവനക്കാർ തന്നെ പണം കണ്ടെത്തി ടോൾ അടയ്ക്കുകയായിരുന്നു. KSRTC ബസുകളുടെ ഫാസ്റ്റാഗ് കൃത്യമായി റീചാർജ് ചെയ്യാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. പലപ്പോഴും ഡിപ്പോയിൽ നിന്ന് ഫാസ്റ്റാഗിന് പണം അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുണ്ടെന്നും ജീവനക്കാർ പരാതിപ്പെടുന്നു.
അതേസമയം KSRTC ബസുകൾ ടോൾ പ്ലാസയിൽ തടയുന്ന സംഭവം പതിവാകുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. ഫാസ്റ്റാഗ് സംവിധാനം നിലവിൽ വന്നതോടെ ടോൾ പ്ലാസകളിൽ KSRTC ബസുകൾ തടയുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
KSRTC അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും എല്ലാ ബസുകളുടെയും ഫാസ്റ്റാഗ് കൃത്യമായി റീചാർജ് ചെയ്യണമെന്നും ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടു.

