മൂന്നുദിവസം നീണ്ടുനിൽക്കുന്ന പട്ടാമ്പി ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് കൊടുമുണ്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വി കെ ശ്രീകണ്ഠൻ എംപി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.

കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കൊടുമുണ്ട ജിഎൽപി സ്കൂളിലുമായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. മേള ഒക്ടോബർ 24ന് സമാപിക്കും. സമാപന സമ്മേളനം പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി രാമദാസ് അധ്യക്ഷനായി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി മണി, വി ജമീല, പി പി വിജയൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ കെ ഷീലാദേവി, മുതുതല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ഷംല, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി അബ്ബാസ്, മുതുതല പഞ്ചായത്ത് അംഗങ്ങളായ കെ ഉണ്ണികൃഷ്ണൻ, പി ടി മുഹമ്മദലി, കെ പ്രജീഷ, കെ പി രാമചന്ദ്രൻ, ബിപിഒ കെ കെ അബ്ദുൾ അസീസ്, പിടിഎ പ്രസിഡന്റ് കെ പി അനിൽകുമാർ, എസ്എംസി ചെയർമാൻ മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി ഒ മായ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എം രതീഷ് നന്ദിയും പറഞ്ഞു.

ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി എന്നീ മേഖലകളിലായി നിരവധി മത്സരങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. പട്ടാമ്പി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. വിദ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചിയും സർഗ്ഗാത്മക കഴിവുകളും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരം മേളകൾ സംഘടിപ്പിക്കുന്നത്.

മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ശാസ്ത്രോത്സവത്തിന്റെ വിജയത്തിനായി കൊടുമുണ്ട സ്കൂളിലെ അധ്യാപകരും പിടിഎയും വിദ്യാർത്ഥികളും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *