പട്ടാമ്പി നിള ഐപിടി റോഡ് നവീകരണത്തിൻ്റെ ഭാഗമായി നടത്തുന്ന അഴുക്കുചാൽ നിർമ്മാണമാണ് നഗരത്തിലെത്തുന്ന ജനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നത്. പലയിടത്തും പ്രവൃത്തികൾ പാതിവഴിയിലാണ്. കിടങ്ങിന് സമാനമായ വലിയ കുഴികളിൽ വെള്ളം നിറഞ്ഞതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. കൽപക ജംഗ്ഷനിൽ മൊബൈൽ ഷോപ്പിന് മുന്നിൽ അഴുകുചാലിൽ സ്ലാബുകൾ സ്ഥാപിക്കാത്തതിനാൽ വലിയ അപകടമാണ് പതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് കുഴിയിലേക്ക് വീണ് യുവാവിന് പരിക്കേറ്റിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സമീപത്ത് തന്നെ നിരവധി ആളുകൾ ബസ് കാത്തുനിൽക്കുന്നതിന് തൊട്ട് പുറകിലും വലിയ കുഴിയാണ് ഉള്ളത്. രാത്രികാലങ്ങളിലാണ് കുഴികൾ കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നത്. ഇവിടെയുണ്ടായിരുന്നു ബസ് വെയിറ്റിംഗ് ഷെഡും പുനഃസ്ഥാപിക്കാനായിട്ടില്ല. പഴയ ഷെഡിൻ്റെ അവശിഷ്ടങ്ങൾ ഇപ്പൊൾ ഈ ചാലിലാണ് തള്ളിയിരിക്കുന്നത്. ഇത് വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മശ്പെയ്താൽ കുളത്തിന് സമാനമായാണ് കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നത്. വിദ്യാർതഥികൾ വയോധികരും ഉൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡരികിലാണ് ഇത്തരത്തിൽ അപകട ഭീഷണി നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ അഴുക്കുചാൽ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

