കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി കൊപ്പം പോലീസ്. കുലുക്കല്ലൂർ ചുണ്ടമ്പറ്റ പൊന്നേരി വീട്ടിൽ കല്ലടി മൊയ്തീനാണു 7 മാസങ്ങൾക്ക് ശേഷം പിടിയിലായത്.കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 20 കിലോ കഞ്ചാവുമായി മണ്ണേങ്ങോട് സ്വദേശികളായ രണ്ട് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് മൂന്നാമനായ കുലുക്കല്ലൂർ ചുണ്ടമ്പറ്റ പൊന്നേരി വീട്ടിൽ കല്ലടി മൊയ്തീനെകുറിച്ച് വിവരം ലഭിച്ചത്. എന്നാല്‍ മൊയ്തീൻ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞദിവസം ഷൊർണ്ണൂർ ഡി.വൈ.എസ്.പി.ഷാജു.കെ.എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു കട്ടുപാറയിൽ വെച്ച് ഇയാളെ പിടികൂടിയത്. കൊപ്പം എസ്.ഐ.ശിവശങ്കരൻ,പോലീസുകാരായി മുരുകൻ സബാവതി,നിഷാദ്,സഹബുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചില്ലറ വിൽപ്പനക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു. മാസങ്ങളായി കണ്ണൂർ പെരിന്തൽമണ്ണ എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു മൊയ്തീൻ. കട്ടുപ്പാറയിൽ നിന്നും കാർ ഓടിച്ചു കൊണ്ടിരിക്കുകയാണ് പ്രതിയെ പിടികൂടിയത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

