വിവാഹ വാഗ്ദാനം നൽകി പട്ടാമ്പി സ്വദേശിയായ യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി 30 കാരൻ ഷിബിലിയാണ് അറസ്റ്റിലായത്. മാട്രിമോണി സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയയിലൂടെയും വിവാഹമോചിതരായ സ്ത്രീകളെയും യുവതികളെയും പരിചയപ്പെട്ട് ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുത്ത് മുങ്ങിനടക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതി. പട്ടാമ്പി സ്വദേശിയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി 16 ലക്ഷം രൂപ തട്ടിയ കേസിലാണ് ഷിബിലിയെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ കേസിൽ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു പെരിന്തൽമണ്ണ ജയിലിൽ കഴിയുകയായിരുന്നു ഇയാള്. താൻ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് ഷിബിലി മാട്രിമോണി സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തിയിരുന്നത്. യുവതികൾക്ക് പല വാഗ്ദാനങ്ങളും നൽകുകയും മാട്രിമോണിയൽ സൈറ്റ് വഴി വിവാഹ മോചിതരും പ്രായമായി.വിവാഹം അന്വേഷിക്കുന്നവരെയും കണ്ടെത്തി വിവാഹ വാഗ്ദാനം നൽകിയാണ് പണം തട്ടിയിരുന്നത്. ക്രെഡിറ്റ് കാർഡ് വഴിയും നേരിട്ടുമാണ് ഇയാൾ പണം വാങ്ങിയിരുന്നത്. വിശദമായ അന്വേഷണത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ സമാനമായ 10 ഓളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇരകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മാത്രം 1 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ അന്വേഷണം വ്യാപിപ്പിക്കുന്നതോടെ തുക ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവാഹ വാഗ്ദാനം നൽകിയും ഉദ്യോഗസ്ഥ ചമഞ്ഞും നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ സ്ത്രീകൾ അതീവ ജാഗ്രത പാലിക്കണമെന്ന് പട്ടാമ്പി പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി പുതിയ ബന്ധങ്ങൾ സ്ഥാപിക്കുമ്പോൾ വ്യക്തികളുടെ പശ്ചാത്തലം പൂർണ്ണമായും ഉറപ്പുവരുത്തണമെന്നും, സംശയാസ്പദമായ രീതിയിൽ പണം ആവശ്യപ്പെടുന്നവർക്കെതിരെ ഉടൻതന്നെ പോലീസിനെ സമീപിക്കണമെന്നും പോലീസ് പറഞ്ഞു.

