മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ രണ്ട് ലോറികളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയുടെ പിന്നിലേക്ക് അതേ ദിശയിൽ അമിതവേഗത്തിലെത്തിയ മറ്റൊരു ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ ലോറികൾക്കിടയിൽപ്പെടുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. നിമിഷങ്ങൾക്കുള്ളിൽ നടന്ന അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. കുറ്റിപ്പുറം പേരശ്ശന്നൂർ എടക്കുളം സ്വദേശി ആന്ത്ര വീട്ടിൽ അഫ്സലും ഭാര്യ സാബിറയുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദമ്പതികൾ അപകടത്തിൽപ്പെട്ടത്. വളാഞ്ചേരിയിലെ ലെതർ പ്ലാനറ്റിൽ ദീർഘകാലം ജോലി ചെയ്തിരുന്ന വ്യക്തിയാണ് അഫ്സൽ. അപകടത്തിന് പിന്നാലെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്ന് മാറ്റാനാകാതെ അരമണിക്കൂറോളം അവിടെത്തന്നെ തുടരേണ്ടിവന്നതായാണ് വിവരം. ദമ്പതികളുടെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

