ഓങ്ങല്ലൂരിൽ സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം ഉണ്ടായത്. തീപിടുത്തം ഉണ്ടായി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 10 മണിയോടെയാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്.

പട്ടാമ്പിയിൽ നിന്നും ഷൊർണൂരിൽ നിന്നും എത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഗോഡൗണിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് ആക്രി സാധനങ്ങളും ഉണ്ടായിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നു. വിവരം അറിഞ്ഞ് നാട്ടുകാർ ആദ്യം തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയുടെ ശക്തി കൂടിയതിനാൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പട്ടാമ്പി ഫയർ സ്റ്റേഷനിൽ നിന്നും ഷൊർണൂർ ഫയർ സ്റ്റേഷനിൽ നിന്നും യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി. പട്ടാമ്പി ഫയർ സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിൽ SFRO സനത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നികേഷ്, അജീഷ്, ആകാശ്, അജയ്, ഹോം ഗാർഡ് ദേവദാസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഷൊർണൂർ ഫയർ സ്റ്റേഷൻ ഓഫീസർ ഗോവിന്ദൻകുട്ടിയുടെ നേതൃത്വത്തിൽ ഷൊർണൂരിൽ നിന്നും 2 യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു.

അഗ്നിശമന സേനയുടെ പഴുതടച്ചുള്ള രക്ഷാപ്രവർത്തനം തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ സഹായിച്ചു. ഗോഡൗണിന് സമീപത്ത് വീടുകളും മറ്റ് കടകളും ഉണ്ടായിരുന്നതിനാൽ തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തത്തിന് കാരണമാകുമായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വളരെ ശ്രദ്ധയോടെ നടത്തിയ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. തീ അണയ്ക്കുന്നതിനിടെ നാട്ടുകാരും ഫയർഫോഴ്സിന് എല്ലാ സഹായവും നൽകി.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്ക്രാപ്പ് സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് ഉടമ പറയുന്നത്. സംഭവത്തിൽ പോലീസും ഫയർഫോഴ്സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *