പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂർ 2 വില്ലേജ് പരിധിയിൽ മേച്ചിത്തറ എന്ന സ്ഥലത്ത് അനധികൃതമായി പ്രവർത്തിച്ചു വരുന്ന കരിങ്കൽ ക്വാറിയിൽ റവന്യൂ വകുപ്പിന്റെ പരിശോധന. ക്വാറിയിൽ നിന്നും കരിങ്കല്ല് ഖനനം നടത്തിയിരുന്ന വാഹനങ്ങൾ ഉൾപ്പെടെ 13 വാഹനങ്ങൾ പട്ടാമ്പി താലൂക്ക് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകീട്ടായിരുന്നു പരിശോധന.

പരിസരവാസികളുടെ നിരന്തരമായ പരാതിയെ തുടർന്നായിരുന്നു റവന്യൂ വകുപ്പിന്റെ പരിശോധന. അനധികൃത ഖനനം മൂലം പ്രദേശത്ത് ശബ്ദമലിനീകരണവും പൊടിശല്യവും രൂക്ഷമാണെന്നും വീടുകൾക്ക് വിള്ളൽ വീഴുന്നുണ്ടെന്നും കാണിച്ച് നാട്ടുകാർ നിരന്തരം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താലൂക്ക് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്.

പരിശോധനയിൽ കരിങ്കല്ല് ഖനനം നടത്തിയിരുന്ന 5 ഹിറ്റാച്ചികൾ, 6 കമ്പ്രസ്സറുകൾ, കരിങ്കല്ല് കടത്തിയിരുന്ന 2 ടോറസ് ലോറികൾ എന്നിവയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രസ്തുത വാഹനങ്ങൾ ക്വറിയിൽ തന്നെ സൂക്ഷിച്ചിട്ടുള്ളതാണ്. വാഹനങ്ങൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ക്വാറി ഉടമകൾക്ക് കഴിഞ്ഞില്ലെന്നും അനധികൃതമായാണ് ഖനനം നടത്തിയിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സ്ക്വാഡിൽ നദീറ (VO തൃത്താല), പ്രസാദ് (VO ഓങ്ങല്ലൂർ 2), മാജിത് KP (VA വല്ലപ്പുഴ), ഫാറൂക്ക് (VA പരുതൂർ), മുസ്തഫ (ഡ്രൈവർ) എന്നിവരാണ് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം ജിയോളജി-റവന്യൂ വകുപ്പുകൾ ഈ ക്വാറിയിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. അന്ന് ക്വാറിക്ക് പിഴ ചുമത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും അനധികൃത ഖനനം തുടർന്നതോടെയാണ് ഇന്ന് വീണ്ടും പരിശോധന നടത്തി വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്.

അനധികൃത ക്വാറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പട്ടാമ്പി തഹസിൽദാർ അറിയിച്ചു. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതോടെ പ്രദേശവാസികൾ ആശ്വാസത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *