താൽക്കാലിക നിയമന വിവാദത്തെ തുടർന്ന് ആനക്കര ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും വിട്ടുനിന്നു.
പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്. കോൺഗ്രസും ബിജെപി അംഗവും ചേർന്ന് കൂട്ടുകെട്ടുണ്ടാക്കി നിയമനം നടത്തിയെന്നാണ് ആരോപണം. ഭരണസമിതിയിലെ ഘടകകക്ഷിയായ മുസ്ലിം ലീഗ് ഈ നിയമനത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.
ആനക്കര പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റിയും നേരത്തെ രംഗത്തെത്തിയിരുന്നു. യുഡിഎഫിനുള്ളിലെ ഭിന്നത രൂക്ഷമായതോടെയാണ് സിപിഎം അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.
അവിസ്വാസ പ്രമേയ ചർച്ചയിൽ മുസ്ലിം ലീഗ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു. ബിജെപി അംഗം ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സിപിഎമ്മിന്റെ ഏഴ് അംഗങ്ങളും മുസ്ലിം ലീഗിന്റെ മൂന്ന് അംഗങ്ങളും ബിജെപിയുടെ ഒരു അംഗവുമാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തത്. കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ പ്രമേയം പാസാവുകയായിരുന്നു.
ആകെ 17 അംഗങ്ങളുള്ള ആനക്കര പഞ്ചായത്തിൽ കോൺഗ്രസിന് ആറും മുസ്ലിം ലീഗിന് മൂന്നും ഉൾപ്പെടെ യുഡിഎഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. സിപിഎമ്മിന് ഏഴും ബിജെപിക്ക് ഒരു അംഗവുമാണ് ഉള്ളത്. ഒമ്പത് അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് ഭരണം നടത്തി വന്നിരുന്നത്.
നിയമന വിഷയത്തിൽ മുസ്ലിം ലീഗ് വിട്ടുനിൽക്കുകയും കോൺഗ്രസിന് ബിജെപി അംഗത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്തതോടെയാണ് പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം നടന്നതെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. ഇത് മുന്നണി ധർമ്മത്തിന് വിരുദ്ധമാണെന്നും ഭരണസമിതിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലീഗ് അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം പാസായതോടെ ആനക്കരയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് സാധ്യത തെളിഞ്ഞിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതോടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഉടൻ ആരംഭിക്കും. യുഡിഎഫിനുള്ളിലെ തർക്കം പരിഹരിക്കാൻ ജില്ലാ നേതൃത്വം ഇടപെടുമെന്നാണ് സൂചന.

