വർഷങ്ങളായി വാടക കെട്ടിടത്തിൽ കഴിഞ്ഞിരുന്ന ഓങ്ങല്ലൂർ മൂലൂർക്കര അങ്കണവാടിക്ക് പുതിയ കെട്ടിടം യാഥാർത്ഥ്യമായി. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഉത്സവാന്തരീക്ഷത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ കെട്ടിടം നാടിന് സമർപ്പിച്ചു.

ഓങ്ങല്ലൂർ പഞ്ചായത്തിലെ 35-ാം നമ്പർ മൂലൂർക്കര അങ്കണവാടിക്കാണ് സ്വന്തമായി കെട്ടിടം യാഥാർത്ഥ്യമായത്. മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. 

മണ്ഡലത്തിലെ എല്ലാ അങ്കണവാടികളും ആധുനികവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

570 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച കെട്ടിടത്തിൽ ഹാൾ, കിച്ചൻ, സ്റ്റോർ, ടോയ്ലറ്റ്, വരാന്ത, കുഴൽ കിണർ, ചുറ്റുമതിൽ, ഗേറ്റ് എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുട്ടികൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഇരിക്കാൻ കഴിയുന്ന രീതിയിലാണ് കെട്ടിടം നിർമിച്ചത്.

അങ്കണവാടി കെട്ടിട നിർമ്മാണത്തിന് സ്ഥലം വിട്ടു നൽകിയ സുബ്രഹ്മണ്യനെയും കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു. നാടിന്റെ ആവശ്യത്തിന് വേണ്ടി സൗജന്യമായി സ്ഥലം നൽകിയ കുടുംബത്തെ എംഎൽഎ പ്രത്യേകം അഭിനന്ദിച്ചു.

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വിജയൻ ചടങ്ങിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രസന്ന, വാർഡ് മെമ്പർ പി സത്യജിത്ത്, വാർഡ് മെമ്പർ പി കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, Dr വേണുഗോപാൽ, MT പ്രിയ, കൃഷ്ണപ്രസാദ്, കെ കോരൻ, വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.

വാടക കെട്ടിടത്തിന്റെ പരിമിതികളിൽ നിന്ന് മോചിതരായതിന്റെ സന്തോഷത്തിലാണ് അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും നാട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *