തൃത്താല: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് അർഹനായ തൃത്താല കൂടല്ലൂർ സ്വദേശിയായ ഷമീർ ടി വി പോലീസ് മെഡൽ ഏറ്റുവാങ്ങി. ദീർഘകാലം പട്ടാമ്പി പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്തെ സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ (SAP) ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ IPS-ൽ നിന്നാണ് ഷമീർ മെഡൽ സ്വീകരിച്ചത്.
പോലീസ് സേനയിലെ സ്തുത്യർഹവും വിശിഷ്ടവുമായ സേവനത്തിനാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്.
ദീർഘകാലമായി പോലീസ് സേനയിൽ സേവനമനുഷ്ഠിക്കുന്ന ഷമീർ ടി വി തന്റെ കർത്തവ്യനിർവഹണത്തിൽ കാണിച്ച ആത്മാർത്ഥതയും അർപ്പണബോധവും പരിഗണിച്ചാണ് മെഡലിന് തെരഞ്ഞെടുക്കപ്പെട്ടത്. ക്രമസമാധാന പാലനത്തിലും പൊതുജന സേവന രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് ഈ അംഗീകാരം.

തിരുവനന്തപുരം SAP ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി മെഡലിന് അർഹരായ നിരവധി പോലീസ് ഉദ്യോഗസ്ഥർ മെഡൽ ഏറ്റുവാങ്ങി. സംസ്ഥാന പോലീസ് മേധാവിക്ക് പുറമെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
