യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി നഗരസഭയുടെ സുപ്രധാന യോഗം ബഹിഷ്കരിച്ച് മുസ്ലിം ലീഗ്. വൈസ് ചെയർപേഴ്സൺ ഉൾപ്പടെ മുസ്ലിം ലീഗിലെ കൗൺസിലർമാരും നേതാക്കളും യോഗത്തിൽ പങ്കെടുത്തില്ല. നേതൃത്വത്തിലെ കൂടിയാലോചനകൾ ഇല്ലാത്തതാണ് കാരണമെന്നാണ് ലഭിക്കുന്ന സൂചന.

പട്ടാമ്പി നഗരസഭയുടെ പതിനഞ്ചാം പഞ്ചവത്സര പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഈവാനിയ ഗാർഡൻസിൽ ചേർന്ന വിപുലമായ യോഗത്തിലാണ് മുസ്ലിം ലീഗിന്റെ അസാന്നിധ്യം പ്രകടമായത്. അടുത്ത 5 വർഷത്തേക്കുള്ള വികസന പ്രവർത്തനങ്ങൾക്ക് അഭിപ്രായങ്ങൾ സ്വരൂപിക്കാനാണ് യോഗം ചേർന്നത്.

യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ സുപ്രധാന യോഗത്തിൽ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ ഉൾപ്പെടെയുള്ള മുസ്ലിം ലീഗിലെ കൗൺസിലർമാരും നേതാക്കളും വിട്ടുനിന്നത് നേതൃത്വത്തിനുള്ളിലെ അഭിപ്രായ ഭിന്നത തുറന്നുകാട്ടുന്നതാണ്. ഇത്തരം ഒരു സുപ്രധാന യോഗത്തെ സംബന്ധിച്ച് കൂടിയാലോചന നടത്താത്തതിനുള്ള പ്രതിഷേധമാണ് മുസ്ലിം ലീഗ് ജനപ്രതിനിധികൾ വിട്ടുനിൽക്കാൻ കാരണമെന്നാണ് ലഭിക്കുന്ന സൂചന.

ജനപ്രതിനിധികൾക്ക് പുറമെ മുസ്ലിം ലീഗ് നേതാക്കളും യോഗത്തിൽ പങ്കെടുത്തില്ല. ഇതര രാഷ്ട്രീയപാർട്ടി നേതാക്കൾ പങ്കെടുക്കാതിരിക്കുന്നത് സ്വാഭാവികമാണെങ്കിലും യുഡിഎഫ് മുന്നണി നേതൃത്വം നൽകുന്ന നഗരസഭയിൽ ഒറ്റക്കെട്ടായി തീരുമാനമെടുക്കേണ്ട ഒരു പരിപാടിയിൽ നിന്നും മുസ്ലിം ലീഗ് വിട്ടുനിന്നത് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ചർച്ചയാവുന്നുണ്ട്.

പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, റോഡ് വികസനം, കുടിവെള്ളം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ മുൻഗണനകൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചുചേർത്തത്. പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച് സമഗ്രമായ വികസന രേഖ തയ്യാറാക്കുകയാണ് ലക്ഷ്യം.

എന്നാൽ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ അസാന്നിധ്യം യോഗത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. യോഗത്തിന് മുന്നോടിയായി മുന്നണി നേതാക്കളുമായി ചർച്ച നടത്തേണ്ടതായിരുന്നുവെന്നാണ് ലീഗ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ നഗരസഭാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *