പാലക്കാട് തിരുമ്മിറ്റക്കോട് ദുബായ് റോഡിൽ വച്ച് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പാലം കോതകുറുശ്ശിയിൽ  തടവിൽ പാർപ്പിച്ച് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ നിർണായകമായ കണ്ടെത്തൽ ഉണ്ടായത്. മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കേസിൽ നിന്ന് രക്ഷപ്പെട്ട പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയെയും കേസിലെ പ്രധാന സാക്ഷിയായ മാനേജർ ഷിബിലിനെയും അപായപ്പെടുത്താൻ വിദേശത്തിരുന്ന് വീണ്ടും ഗൂഢാലോചന നടന്നതായാണ് ക്രൈം ബ്രാഞ്ച് സ്ഥിരീകരിക്കുന്നത്.  സംഭവത്തിൽ നിലവിൽ റിമാൻഡിലുള്ള കാസർകോട് സ്വദേശി ഷമീർ, മലപ്പുറം സ്വദേശി നിസാം എന്നിവർക്കും വിദേശത്തുള്ള രണ്ട് ഗൂഢാലോചനക്കാർക്കും എതിരെയാണ് ഒറ്റപ്പാലം പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് മുഹമ്മദലിയുടെയും ഷിബിലിന്റെയും ചിത്രങ്ങളും രേഖകളും ഉൾപ്പെടെ നിർണായക തെളിവുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു.

2025 ഡിസംബർ ആറിനായിരുന്നു പ്രവാസി വ്യവസായിയായ  മലപ്പുറം വണ്ടൂർ പൂങ്ങോട് വലിയപീടിയേക്കൽ വി.പി.മുഹമ്മദലിയെ തോക്ക് ചൂണ്ടി സംഘം തട്ടിക്കൊണ്ടുപോയത്.

പിന്നീട് കോതകുറുശ്ശി പത്തംകുളത്തെ പുട്ടിയിട്ട വീട്ടിൽ എത്തിച്ച ശേഷം വിഡിയോ ചിത്രീകരിച്ചു ബന്ധുക്കൾക്ക് അയച്ച് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണു കേസ്. ഈ വീട്ടിൽ നിന്നും സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട വ്യവസായി  വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യ കേസിൽ ഇതുവരെ 22 പേരാണ് അറസ്റ്റിലായത്. പുതിയ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *