പട്ടാമ്പി കരിമ്പുള്ളിയിൽ റോഡിൽ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞ് അപകടം. റോഡിലേക്ക് വീണ സ്ത്രീയുൾപ്പെടെയുള്ള യാത്രക്കാർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.പട്ടാമ്പി ചെറുപ്പുളശ്ശേരി പാതയിൽ കരിമ്പുള്ളിയിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മരുതൂർ ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടർ ആണ് കുഴിയിൽ വീണ് റോഡിൽ മറിഞ്ഞത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെ രണ്ടുപേർ റോഡിലേക്ക് വീണു. നിരവധി വാഹനങ്ങൾ പോകുന്ന സമയത്താണ് അപകടമുണ്ടായത്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. വർഷങ്ങളായി ഇവിടെ റോഡ് തകർന്ന് കിടക്കുകയാണ്. ഇതിനോടകം നിരവധി അപകടങ്ങളാണിവിടെ ഉണ്ടായിട്ടുള്ളത്. വാർത്തകൾ വരുകയും പരാതികൾ ഉയരുകയും ചെയ്യുമ്പോൾ ക്വാറി വേസ്റ്റ് ഇട്ട് താത്കാലിക കുഴിയടച്ച് അധികൃതർ തടിതപ്പും. അടുത്ത മഴയിൽ കല്ലും മണ്ണും റോഡിൽ പരന്ന് ദുരിതം ഇരട്ടിയാകും. മഴപെയ്താൽ വെള്ളം നിറഞ്ഞ് കുഴികൾ കാണാതെയാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ബസ്സും ലോറിയും ഉൾപ്പെടെ വലിയ വാഹനങ്ങൾ പോകുന്ന വഴിയിൽ ഏതുസമയവും വലിയൊരു ദുരന്തം ഉണ്ടാകുമെന്ന സ്ഥിതിയാണ്.

