വിവാഹ വാഗ്ദാനം നൽകി 16 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 40 കാരന് 25 വർഷം കഠിന തടവും മുക്കാല് ലക്ഷം രൂപ പിഴയും ശിക്ഷ. 2023ലാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുളള പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ചെർപ്പുളശ്ശേരി പന്നിയാംകുറിശി കളകുന്നത്ത് വീട്ടിൽ 40 വയസുകാരൻ അഹമ്മദ് കബീറിന് 25 വർഷം കഠിന തടവും 75000 രൂപ ശിക്ഷ വിധിച്ചത്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ദിനേശ് എൻ പിള്ളയാണ് ശിക്ഷ വിധി പുറപ്പെടുവിച്ചത്. അന്നത്തെ ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ ശശികുമാർ, സബ് ഇൻസ്പെക്ടർ ഷബീബ് റഹമൻ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ASI ബൈജു അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ കെ സന്ദീപ് ഹാജരായി. ASI മാരായ മഹേശ്വരി, എൻ.എസ് ലിനി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

