പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.
കൂട്ടുകാരനൊപ്പം പുഴയുടെ സമീപത്ത് കളിക്കാൻ പോയതിന് പിന്നാലെയാണ് കുട്ടി പുഴയിൽ ഇറങ്ങിയത്. ഇരുവരും പുഴയിലേക്ക് ഇറങ്ങിയെങ്കിലും ഒരാൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തിക്കയറി. ഇതിനിടെയാണ് മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ട് കാണാതായത്.
സമീപത്തെ വീടുകളിലെത്തി ഒപ്പമുണ്ടായിരുന്ന കുട്ടി തന്നെയാണ് കൂട്ടുകാരൻ ഒഴുക്കിൽപെട്ടതായി വിവരമറിയിച്ചത്. തുടർന്ന് പട്ടാമ്പി ഫയർഫോഴ്സും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ധരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.
കുട്ടി ഒഴുക്കിൽപ്പെട്ടതിന്റെ കൃത്യമായ സാഹചര്യം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. രാത്രിയിലും സാധ്യമായത്ര തിരച്ചിൽ ശക്തമാക്കുമെന്ന് കൊപ്പം പോലീസ് അറിയിച്ചു.

