കുലുക്കല്ലൂർ പഞ്ചായത്തിലെ മപ്പാട്ടുകരയിൽ റെയിൽവെ അടിപ്പാത നിർമാണത്തിനുള്ള നടപടികൾ പൂർത്തിയായി. അടുത്ത ആഴ്ചയോടെ നിർമാണ പ്രവൃത്തികൾ ആരംഭിക്കും. 6.23 കോടി രൂപ ചെലവഴിച്ചാണ് അടിപ്പാത നിർമിക്കുന്നത്. നിർമാണ സാമഗ്രികൾ പദ്ധതി പ്രദേശത്ത് എത്തിച്ചു കഴിഞ്ഞു. നിർമാണ പ്രവൃത്തികൾക്കാവശ്യമായ വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ കിഴക്കേ മപ്പാട്ടുകരയെയും പടിഞ്ഞാറെ മപ്പാട്ടുകരയെയും വിഭജിച്ചുകൊണ്ടാണ് ഷൊർണൂർ-നിലമ്പൂർ പാതയിലെ റെയിൽവേ ലൈൻ ഇതിലൂടെ കടന്ന് പോകുന്നത്. നിലവിൽ ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്ന് പോകാൻ കഴിയുന്ന ചെറിയ അടിപ്പാതയാണ് ഇവിടെയുള്ളത്. വലിയ വാഹനങ്ങൾക്ക് ഈ വഴി കടന്നുപോകാൻ കഴിയാത്തത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടായിരുന്നു.

വലിയ വാഹനങ്ങൾക്ക് കൂടി ഗതാഗതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അടിപ്പാത ഇവിടെ നിർമിക്കാൻ പദ്ധതിയിട്ടത്. നിലവിലെ അടിപ്പാതയോട് ചേർന്ന് തന്നെയാണ് പുതിയതും നിർമിക്കുക. ഇതോടെ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കും ഇതുവഴി എളുപ്പത്തിൽ കടന്നുപോകാൻ കഴിയും.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ 2024-25 വർഷത്തെ ബജറ്റിൽ ഇതിനായി ഫണ്ട് വകയിരുത്തുകയായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പദ്ധതി രൂപരേഖയ്ക്ക് സർക്കാർ ഭരണാനുമതിയും നൽകി. പദ്ധതിയുടെ പ്രാരംഭ രൂപരേഖ തയ്യാറാക്കുന്നതിനായി മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടും അനുവദിച്ചിരുന്നു.

റെയിൽവേയുടെ നേതൃത്വത്തിലാണ് അടിപ്പാത നിർമിക്കുക. ഇതിനാവശ്യമായ തുക റെയിൽവേക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ ഡിസംബറിൽ തന്നെ കൈമാറിയിരുന്നു. റെയിൽവേയുടെ നേതൃത്വത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയാണ് ഇപ്പോൾ നിർമാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള നടപടികളായിരിക്കുന്നത്.

അടിപ്പാതക്കൊപ്പം ഇവിടേക്ക് എത്താനുള്ള റോഡിന്റെ നിർമാണവും നടത്താനുണ്ട്. ഇതിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും പൂർത്തിയായതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഇതിനായുള്ള പ്രവൃത്തികൾ നടത്തുക. ഒന്നരക്കോടിയോളം രൂപ റോഡ് നിർമാണത്തിനായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ നടപടികളും വേഗത്തിലാക്കും.

തൂതപ്പുഴക്ക് കുറുകെ മപ്പാട്ടുകരയിൽ പുതിയ പാലവും ലക്ഷ്യമിടുന്നുണ്ട്. അടിപ്പാത വരുന്നതോടെ പുഴയിൽ പുതിയ പാലവും യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതുകൂടി യാഥാർത്ഥ്യമായാൽ മുളയൻകാവ് ഭാഗത്ത് നിന്നും പെരിന്തൽമണ്ണയിലേക്കുള്ള യാത്രയും എളുപ്പത്തിലാവും. ഇരു പ്രദേശത്തുകാർക്കും വലിയ യാത്രാ സൗകര്യവും ഇതോടെ വന്നുചേരും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *