തിരുമിറ്റക്കോട് കറുകപുത്തൂർ അകിലാണത്ത് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തിരച്ചിൽ 10-ാം മണിക്കൂറിലേക്ക്. ലോറി കണ്ടെത്തി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഡ്രൈവർ വടക്കേക്കര സ്വദേശി അബു താഹിർ ഓടിച്ച ലോറിയാണ് തലകീഴായി 40 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.
പാലക്കാട് തിരുമിറ്റക്കോട് കറുകപുത്തൂർ അകിലാണത്ത് പ്രവർത്തിക്കുന്ന പോപ്പുലർ ക്വാറിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. കരിങ്കൽ ക്വാറിയിൽ മണ്ണടിക്കുന്നതിനിടെ ലോറി നിയന്ത്രണംവിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

ക്വാറിയുടെ മുകൾ ഭാഗത്ത് നിന്ന് മണ്ണ് തട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 40 അടിയിലധികം താഴ്ചയുള്ള വെള്ളക്കെട്ടിലേക്കാണ് ലോറി തലകീഴായി പതിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും ലോറി കാണാതായതോടെയാണ് അപകട വിവരം പുറത്തറിയുന്നത്.
ഡ്രൈവർ വടക്കേക്കര സ്വദേശി അബു താഹിറിനായി തിരച്ചിൽ തുടരുകയാണ്. സംഭവം അറിഞ്ഞയുടൻ 4 യൂണിറ്റ് ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും ഡിവൈഎസ്പി ഉൾപ്പടെയുള്ള പോലീസ് സംഘവും ജനപ്രതിനിധികളും സ്ഥലത്തെത്തി. പട്ടാമ്പി, പെരിന്തൽമണ്ണ, ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളാണ് തിരച്ചിലിന് എത്തിയത്.
8 മണിക്കൂർ കഴിയുമ്പോൾ ലോറി കുറച്ച് ഉയർത്താൻ കഴിഞ്ഞു. തലകീഴായിട്ടാണ് ലോറി വെള്ളത്തിൽ കിടന്നിരുന്നത്. ആദ്യം ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ആഴം കൂടുതലായതിനാൽ ബുദ്ധിമുട്ട് നേരിട്ടു. സ്കൂബ ഡൈവേഴ്സ് വെള്ളത്തിനടിയിൽ ഇറങ്ങി ലോറിയിൽ ചങ്ങല കെട്ടിയാണ് ഉയർത്താനുള്ള ശ്രമം നടത്തിയത്.

ഉച്ചക്ക് 1.30 മണിയോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും ക്രെയിൻ ടോപ്പിന്റെ കൊളുത്ത് പൊട്ടിപ്പോയി. തുടർന്ന് ഇരുമ്പ് റോപ്പും ചങ്ങലയും മറ്റൊരു ഹിറ്റാച്ചിയും ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറി വെള്ളത്തിന് മുകളിൽ വരെ ഉയർത്താനായി.
എന്നാൽ ക്യാബിൻ പാറക്കെട്ടിനോട് ചേർന്നതിനാൽ അകത്ത് ആളുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കുന്നില്ല. ക്യാബിൻ പൂർണമായും തകർന്ന നിലയിലാണ്. അതേസമയം ലോറിക്കുള്ളിൽ അബു താഹിർ ഇല്ല എന്നുള്ള സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്.
മറ്റൊരു വലിയ ക്രെയിൻ എത്തിച്ച് ലോറി പൂർണമായും കരയിലേക്ക് ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫയർഫോഴ്സ്, പോലീസ്, ജിയോളജി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും വലിയ തോതിൽ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. ലോറി പുറത്തെടുത്താൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ.

