പാലക്കാട് തിരുവേഗപ്പുറ തൂതപ്പുഴയുടെ പൈലിപ്പുറം കടവിൽ നിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായ 8 വയസ്സുകാരനായ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുന്നു. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹകീമിന്റെ മകൻ സഅദ് യെയാണ് കാണാതായത്. ഓണം അവധിക്ക് സഹോദരന്മാരായ സഅദും സഹലും പൈലിപ്പുറത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. ബുധനാഴ്ച വൈകിട്ട് തൂതപ്പുഴയുടെ പൈലിപ്പുറം കാളിയാർവട്ടം കടവിൽ ഇരുവരും ഉമ്മയ്ക്കും വല്ലിമ്മയ്ക്കും ഒപ്പം കളിക്കാൻ ഇറങ്ങി. തുടർന്ന് സഅദ് ഒഴുക്കിൽപ്പെടുകയായിരുന്നു. സഅദിനെ രക്ഷിക്കാൻ ഇറങ്ങിയതാണ് സഹോദരനായ 13 വയസ്സുകാരൻ സഹൽ. സഹലും ഒഴുക്കിൽപെട്ടതോടെ കടവിൽ ഉള്ളവർ ബഹളം വച്ചു. ഓടികൂടിയ നാട്ടുകാർ ചേർന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. പട്ടാമ്പിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ദരും പൊലീസും ചേർന്ന് കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

