നാഗലശ്ശേരി മേഴത്തൂർ മോസ്കോ റോഡ് കമ്പനിപ്പടി ക്വാറി പ്രവർത്തനമാണ് പ്രദേശവാസികൾക്ക് ദുരിതമായി തീർന്നത്.
നാഗലശ്ശേരി പഞ്ചായത്തിലെ ഗ്രീൻവില്ല നിവാസികളാണ് സ്വൈര ജീവിതം ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്.
വർഷങ്ങളായി തുടരുന്ന സ്ഫോടനവും ഖനനവും മൂലം പ്രദേശത്തുള്ള വീടുകൾക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്. വീടുകളുടെ വാർപ്പിനും ചുമരുകൾക്കും മറ്റും വിള്ളൽ സംഭവിച്ചതിനാൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ.
പുലർച്ചെ 4 മണി മുതൽ തുടങ്ങുന്ന ഖനനം അർദ്ധരാത്രി വരെയും തുടരുന്നതിനാൽ രോഗികൾക്കും കുട്ടികൾക്കും ഉറങ്ങാൻ സാധിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
പരിസരത്തെ കിണറുകൾ ഇടിഞ്ഞു താഴുന്നതും, ഭൂഗർഭജലം വറ്റുന്നതും
ടോറസ് ലോറികളുടെ മരണപ്പാച്ചിൽ മൂലം റോഡുകൾ തകരുന്നതും മറ്റുമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിനിറങ്ങാൻ നാട്ടുകാർ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി നാട്ടുകാർ ഒത്തുകൂടി യോഗം ചേർന്നു. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനും അമിത ഭാരം കയറ്റിയും, പാസ് ഇല്ലാതെയും വരുന്ന ടോറസ് ലോറികൾ തടയാനും യോഗം തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി കർമ്മ സമിതി രൂപീകരിച്ചു. ചെയർമാനായി സലീം മേലേതിൽ, കൺവീനറായി VB ബിജോയ്, ട്രഷററായി കെവി ഉമ്മർ എന്നിവരെ തെരഞ്ഞെടുത്തു.


