കോയമ്പത്തൂരിലെ ജ്വല്ലറികൾക്ക് സ്വർണാഭരണങ്ങൾ നിർമിച്ചു നൽകുന്ന തൃശൂർ സ്വദേശിയുടെ കാർ വഴിയിൽ തടഞ്ഞ് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. കോട്ടയം സ്വദേശികളായ അതിരമ്പുഴ ഷംനാസ് (37) , നീണ്ടൂർ അനന്തു (30) എന്നിവരാണ് അറസ്‌റ്റിലായത്. ഇക്കഴിഞ 23 ന് വൈകിട്ടായിരുന്നു സംഭവം. തൃശ്ശൂർ സ്വദേശിയായ സുബീഷ് കുമാറിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കോയമ്പത്തൂരിൽ നിന്ന് തശ്ശൂരിലേക്ക് തിരിച്ച് വരുന്നതിനിടെ, രണ്ട് കാറുകളിലായി പിൻതുടർന്നുവന്ന് ആലത്തൂർ ഇരട്ടക്കുളം സിഗ്നലിൽ വെച്ച് ആയുധംകൊണ്ട് സുബീഷിന്റെ കാറിൽ രണ്ട് പേർ അടിക്കുകയും ചെയ്തു. ഇതു കണ്ട് ഭയന്ന് കാർ റോഡരികിലിട്ട് സുബീഷ്കുമാർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സുബീഷിന്റെ കാർ സംഘം തട്ടി കൊണ്ടുപോവുകയായിരുന്നു. കാറിൽ സ്വർണവും പണവും ഉണ്ടെന്നു കരുതിയാണു കാറുകളിലെത്തിയ അക്രമി സംഘം വാഹനം തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു. എറണാകുളം ഏലൂർ വെച്ച് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് മൂന്നുപേരെ പിടികൂടിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ആലത്തൂരിൽ കാർ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളാണെന്ന് പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ ഒറ്റപ്പാലം മായന്നൂർ കൊണ്ടാഴിയിൽ നിന്ന് സുബീഷിൻ്റെ കാർ പോലീസ് കണ്ടെടുത്തു.

