മൂന്നുദിവസമായി പാലക്കാട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ നടത്തിയ സമരം വിജയത്തിലേക്ക്.സമരത്തിന്റെ മൂന്നാം നാൾ മെഡിക്കൽ കോളേജ് ഡയറക്ടറുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞതെന്ന് സമരത്തിന് നേതൃത്വം നൽകിയ ഡോക്ടർ ഫെബിൻ പറഞ്ഞു.ആശുപത്രി ഡയറക്ടർ മൂന്നാം നാൾ നേരിട്ട് ചർച്ചയ്ക്ക് വരികയായിരുന്നു. ഹെഡ് ഓഫ് ദി ഇൻസ്റ്റിറ്റ്യൂഷൻ ആയ ഡയറക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട ആളുകൾ അവരുടെ വീഴ്ച സമ്മതിച്ചു.
ആശുപത്രിയിൽ ഉണ്ടായത് സിസ്റ്റം തകരാർ ആയിരുന്നു എന്ന് വിലയിരുത്തിയ ഡയറക്ടർ സിസ്റ്റം റിവ്യൂ നടത്താൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അതിൽ വിദ്യാർത്ഥി പ്രതിനിധി, ഹൗസ് സർജന്മാരുടെ പ്രതിനിധി
ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി പ്രതിദിന മീറ്റിങ്ങുകൾ സംഘടിപ്പിക്കും എന്ന ഉറപ്പു നൽകി. ഫെബിൻ പറഞ്ഞു. ഈ കമ്മിറ്റി റിപ്പോർട്ടുകൾ വിലയിരുത്തി ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകും. മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിൽ വീഴ്ചയ്ക്ക് കാരണക്കാരായ എ ആർ എം ഒ , ആർഎംഒ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്, മെഡിക്കൽ സൂപ്രണ്ട് എന്നിവരുടെ രാജി സ്വീകരിച്ചു. തുടർനടപടികൾക്കായി സർക്കാർ ലേക്ക് കൈമാറിയിട്ടുണ്ട്. സമരക്കാർ ഉന്നയിച്ച ലാബ് എക്സ്-റേ സൗകര്യങ്ങൾക്കൊപ്പം ഫാർമസിയിലെ അത്യാവശ്യ മരുന്നുകളുടെ കുറവ് നികത്തുന്നതിന് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാക്കും. എക്സ്-റേ മെഷീന്റെ ബാറ്ററി പെട്ടെന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. എക്സ്-റേ, ലാബ് ടെക്നീഷൻ, ലാബ് അസിസ്റ്റൻറ് തുടങ്ങിയ തസ്തികകളിൽ ഉടൻ നിയമനം നടത്തുമെന്നും ഇതിന് മന്ത്രി തലത്തിൽ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യങ്ങൾ ഉറപ്പു നൽകി ഡയറക്ടർ ഒപ്പിട്ട പേപ്പർ സമരക്കാർക്ക് കൈമാറിയിട്ടുണ്ടെന്നും ഫെബിൻ പറഞ്ഞു.
മെഡിക്കൽ കോളേജ് അധികൃതർ നൽകിയ ഉറപ്പുകൾ സംബന്ധിച്ച് ഡോക്ടർമാർക്കിടയിൽ ചർച്ച നടക്കുകയാണെന്നും നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും സമരം തുടരുകയാണെന്നും പറഞ്ഞ ഫെബിൻ സമരത്തിന്റെ മൂന്നാം നാളിലാണ് കുറച്ചെങ്കിലും വിജയിച്ച ചർച്ച ഉണ്ടായിട്ടുള്ളത് എന്ന് പറഞ്ഞു.
സമരത്തിന്റെ ആദ്യദിവസം പ്രിൻസിപ്പാളിനെയും ഡയറക്ടറെയും സമരക്കാർ നേരിട്ട് കണ്ടുവെങ്കിലും ഗൗനിച്ചിരുന്നില്ല. ഇന്ന് മന്ത്രിയുടെ ഇടപെടൽ ഉണ്ടായതായി ഡയറക്ടർ പറഞ്ഞു. അതാണ് വിഷയത്തിൽ തീരുമാനം ഉണ്ടായത്. ഉദ്യോഗസ്ഥന്മാരുടെ രാജി കൊണ്ട് കാര്യങ്ങൾ ശരിയാവുമെന്ന് കരുതുന്നില്ല. പക്ഷേ ഇവിടുത്തെ വീഴ്ചയ്ക്ക് കാരണക്കാരാണെന്ന് പൊതുജനം അറിയണം. അതാണ് രാജിയുടെ പ്രസക്തി.
സമരത്തിൽ ഇടപെട്ട വി കെ ശ്രീകണ്ഠൻ എംപിയുടെ ഉദ്ദേശത്തെ സ്വാഗതം ചെയ്ത ഡോക്ടർമാർ സമരം ചെയ്യുന്നത് പ്രതിപക്ഷ കക്ഷികൾ ആണെന്ന തെറ്റിദ്ധാരണ അദ്ദേഹത്തിന് ഉണ്ടായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞു. സമരത്തിന് പിന്നിൽ ഹൗസ് സർജൻമാരുടെ സംഘടനയായ ഹൗസ് സർജൻസ് അസോസിയേഷനാണ്. ഇതിന് രാഷ്ട്രീയമില്ല. മെഡിക്കൽ കോളേജ് കോമ്പൗണ്ടിനകത്ത് ഉണ്ടായ അപകടത്തിൽ ഡോക്ടർമാർക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണല്ലോ സമരം തുടങ്ങിയത് എന്ന ചോദ്യത്തോട് മെഡിക്കൽ കോളേജിന്റെ ഇന്നുള്ള എല്ലാ വികസന പ്രവർത്തനങ്ങളും സമരങ്ങളിലൂടെ ഉണ്ടായതാണെന്ന് ഫെബിൻ വ്യക്തമാക്കി. കാഷ്വാലിറ്റി പ്രവർത്തിക്കുന്ന കെട്ടിടം, ഓപ്പറേഷൻ തിയേറ്ററിലെ സൗകര്യങ്ങൾ ഉൾപ്പെടെ
അടിസ്ഥാന സൗകര്യങ്ങൾ അങ്ങനെ ഉണ്ടായതാണ്. 2oo5ലെ സമരമാണ് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിലേക്ക് നീങ്ങിയത്. ആറു ദിവസമാണ് അന്ന് ഡോക്ടർമാർ സമരം ചെയ്തത്.
ഡോക്ടർമാരുടെ സമരം കൊണ്ട് പാലക്കാട്ട് ജനതയ്ക്ക് നല്ല ചികിത്സ ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും സ്ഥലം മാറ്റം കിട്ടിയാൽ മാറിപ്പോകുന്ന തങ്ങൾക്ക് ഇതിൽ പ്രത്യേകിച്ച് നേട്ടം ഒന്നുമില്ലെന്നും ഫെബിൻ പറഞ്ഞു.

