യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരവധിതവണ പീഡിപ്പിച്ച് സ്വർണവും പണവും കൈക്കലാക്കിയെന്ന പരാതിയിൽ പട്ടാമ്പി സ്വദേശി യുവാവ് പിടിയിൽ. വിവാഹ വാഗ്ദാനം നൽകി മുംബൈ സ്വദേശിയായ 33 കാരിയെ 2019 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ ഇടങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 43 ലക്ഷം രൂപയും അഞ്ചു പവൻ സ്വർണവും കൈക്കലാക്കി വഞ്ചിച്ചു എന്നാണ് യുവതിയുടെ പരാതി. ഷോർണൂർ പോലീസിൽ യുവതി നേരിട്ട് എത്തി ബോധിപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മേലെ പട്ടാമ്പി ആലിക്കൽ വീട്ടിൽ മുഹമ്മദ് അമീറിനെ പിടികൂടിയത്. യുവതിയുടെ സുഹൃത്തുവഴിയാണ് മുഹമ്മദ് അമീറുമായി യുവതി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ കേരളത്തിൽ എത്തിച്ച് ആലപ്പുഴ, ഷൊർണൂർ എന്നിവിടങ്ങളിൽ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. നിലവിൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മുഹമ്മദ് അമീർ ഇക്കാര്യങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് യുവതിയുമായി അടുപ്പത്തിലായത്തെന്നും പരാതിയിൽ പറയുന്നു. ഷോർണൂർ ഐക്കോൺ ഹോസ്പിറ്റലിന് സമീപത്താണ് യുവതിയെ താമസിപ്പിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങൾക്കാണെന്ന് പറഞ്ഞ് 43 ലക്ഷം രൂപയും 4 സ്വർണ്ണവിളകളും 2 മോതിരവും കമ്മലുകളും കൈക്കൽ ആക്കിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ഫോൺ വിളിച്ചാൽ അമീർ എടുക്കുന്നില്ലെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പട്ടാമ്പിയിലെ അഡ്രസ് കണ്ടെത്തിയതെന്നും അപ്പോഴാണ് അമീറിന് അവിടെ കുടുംബം ഉള്ളതായും അറിയുന്നതെന്നും പരാതിയിൽ വ്യക്തമാണ്. മുൻപ് പട്ടാമ്പിയിലും അമീറിന് ഹോട്ടലുകൾ ഉൾപ്പെടെയുള്ള ബിസിനസ് സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.

