പട്ടാമ്പിയിൽ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധരുടെ ജനദ്രോഹ നടപടി. കുടിവെള്ള പദ്ധതിയുടെ കേബിളുകൾ മുറിച്ചുമാറ്റി നശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് 35,000 രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയതിന് പിന്നാലെയാണ് ഈ ദ്രോഹ പ്രവർത്തനം.

പട്ടാമ്പി നഗരസഭയിലെ 29-ാം വാർഡിൽ ഉൾപ്പെടുന്ന വള്ളൂർ പറക്കാടുള്ള കുടിവെള്ള പദ്ധതിയുടെ കേബിളുകളാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പദ്ധതിയാണ് ഇത്തരത്തിൽ തകർത്തിരിക്കുന്നത്. മോട്ടോർ പുരയുടെ അകത്തെ കേബിളുകളും പുറത്ത് പമ്പ് സെറ്റിന്റെ കേബിളുമാണ് മുറിച്ചിരിക്കുന്നത്.

ഇതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ദുരിതത്തിലായി. വേനൽ ശക്തമായതോടെ കുടിവെള്ളത്തിന് വലിയ ക്ഷാമം നേരിടുന്ന സമയത്താണ് ഇത്തരത്തിൽ ഒരു അട്ടിമറി നടന്നിരിക്കുന്നത് എന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇത്തരത്തിൽ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്നും കുറ്റവാളികളിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ പറഞ്ഞു. ഇത് സാധാരണ മോഷണമല്ല, ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവർ പ്രതികരിച്ചു.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് കാലപ്പഴക്കം ചെന്ന കേബിളുകൾ 35,000 ത്തോളം രൂപ ചിലവഴിച്ച് നഗരസഭ നേരെയാക്കിയത്. പദ്ധതി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് വീണ്ടും കേബിളുകൾ മുറിച്ചുമാറ്റിയിരിക്കുന്നത്. ഇത് ആസൂത്രിതമായ അട്ടിമറിയാണെന്നാണ് നാട്ടുകാരുടെ സംശയം.

സംഭവത്തിൽ പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. മോട്ടോർ പുരയുടെ സമീപത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധർ എത്തി കേബിളുകൾ മുറിച്ചതെന്നാണ് കരുതുന്നത്.

കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുടിവെള്ള പദ്ധതി എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *