സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്കർത്താവും കമ്മ്യൂണിസ്റ്റ് നേതാവും പട്ടാമ്പിയിലെ ആദ്യ എംഎൽഎയുമായ ഇ പി ഗോപാലന്റെ 25-ാം ചരമവാർഷികം വിപുലമായി ആചരിച്ചു.

രാവിലെ മണ്ണേകോട് ഇ പി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ഇ പി യുടെ പ്രിയപ്പെട്ട ഇടമായി കരുതുന്ന മാവിൻചുവട്ടിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പൊതു രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഒത്തുകൂടി അനുസ്മരണ യോഗം ചേർന്നു.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെപി രാജേന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് സമർപ്പിതമായ ജീവിതമായിരുന്നു ഇ പി ഗോപാലന്റേതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവായിരുന്നു ഇ പി എന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുതലമുറയ്ക്ക് വഴികാട്ടിയാണെന്നും കെപി രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഇ പി യുടെ വ്യക്തിത്വം അനാവൃതമാക്കി പുറത്തിറക്കിയ ‘കനലോർമ്മകൾ സഖാവ് ഇ പി ഗോപാലൻ’ എന്ന ഓർമ്മ പുസ്തകം പ്രകാശനം ചെയ്തു. ഇ പി യെ അടുത്തറിഞ്ഞവരുടെ ഓർമ്മകളും അനുഭവക്കുറിപ്പുകളും ഉൾപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

അനുസ്മരണ യോഗത്തിൽ പ്രൊഫ. കെ.സി. അരുണ അധ്യക്ഷയായി. മുതിർന്ന നേതാക്കളായ വി.ചാമുണ്ണി, വിജയൻ കുനിശ്ശേരി, പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ, ഇ.പി.ശങ്കരൻ, സി.പ്രശാന്ത്, ടി.ഗോപാലകൃഷ്ണൻ, അബ്ദുറഹ്മാൻ, വി.കെ ചേക്കാമു, പ്രൊഫ പി.എ വാസുദേവൻ, ഡോ കെസി ഗീത ഉൾപ്പെടെയുള്ളവർ സംസാരിച്ചു.

സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തും പട്ടാമ്പിയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൽ നിർണായക സാന്നിധ്യമായി മാറിയ നേതാവാണ് ഇ പി ഗോപാലൻ. പ്രഥമ ഇ പി ഗോപാലൻ സ്മാരക സാഹിത്യ പുരസ്‌കാരം പ്രൊ. പി എ വാസുദേവന് സമ്മാനിച്ചു. മുഹമ്മദ് മുഹ്സിൻ എംഎൽഎ പുരസ്കാര സമർപ്പണം നിർവഹിച്ചു. Ep ഗോപാലൻ്റെ മക്കളാണ് പിതാവിൻ്റെ ഓർമയിൽ പുരസ്കാരം ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *