പാലക്കാട് വല്ലപ്പുഴയിൽ വാഹനത്തിൽ നിന്ന് വീണ പ്ലാസ്റ്റിക് കാനിൽ നിന്ന് ദ്രാവക രൂപത്തിലുള്ള രാസവസ്തു തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. വല്ലപ്പുഴ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

ബസ് കാത്തു നിന്നിരുന്ന രണ്ട് സ്ത്രീകൾക്കാണ് പൊള്ളലേറ്റത്. ഇവരെ ഉടൻ തന്നെ ചെർപ്പുളശ്ശേരി മാങ്ങോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി വരികയാണ്. ഏത് വാഹനത്തിൽ നിന്നാണ് കന്നാസ് വീണതെന്നുള്ള കാര്യവും പോലീസ് പരിശോധിക്കുകയാണ്. റോഡിൽ അപകടകരമായ രീതിയിൽ രാസവസ്തുക്കൾ കൊണ്ടുപോയ വാഹനത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

റോഡിൽ വീണ കന്നാസിൽ ബൈക്കിന്റെ ടയർ കയറിയപ്പോൾ കന്നാസ് പൊട്ടി ദ്രാവക രൂപത്തിലുള്ള വസ്തു ദേഹത്ത് പതിക്കുകയായിരുന്നു എന്ന് പൊള്ളലേറ്റവർ പറഞ്ഞു. റോഡിലും ദ്രാവക രൂപത്തിലുള്ള പാട കാണപ്പെട്ടിട്ടുണ്ട്. ആസിഡ് പോലുള്ള ഏതോ രാസവസ്തുവാണ് കന്നാസിൽ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. റോഡിൽ വീണ് കിടന്ന കന്നാസ് ശ്രദ്ധിക്കാതെ ബൈക്ക് കയറിയതോടെ കന്നാസ് പൊട്ടിത്തെറിക്കുകയായിരുന്നു.

ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന സ്ത്രീകളുടെ ദേഹത്തേക്കാണ് ഈ ദ്രാവകം തെറിച്ചത്. ഉടൻ തന്നെ ദേഹത്ത് പൊള്ളൽ അനുഭവപ്പെടുകയും നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. 

അപകടകരമായ രാസവസ്തുക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിൽ വീണ കന്നാസിലെ അവശിഷ്ടങ്ങൾ പോലീസ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഏത് തരം രാസവസ്തുവാണ് എന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ.

സംഭവത്തിൽ പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഏത് വാഹനത്തിൽ നിന്നാണ് കന്നാസ് വീണത് എന്ന് കണ്ടെത്താൻ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *