തന്നെ നിശബ്ദയാക്കാൻ വേണ്ടി കേരളത്തിൽ ഉടനീളം പിണറായി വിജയൻ തനിക്കെതിരെ കേസെടുത്തിരിക്കുകയാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സ്വപ്നയ്ക്കെതിരെയുള്ള ഒരു കേസുമായി ബന്ധപ്പെട്ട് പാലക്കാട് കോടതിയിൽ നിന്ന് നേരിട്ട്എത്തി ജാമ്യം നേടാൻ വന്നതായിരുന്നു അവർ. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു സത്യം വിളിച്ചു പറയാൻ തുടങ്ങിയ തന്നെ നിശബ്ദയാക്കാനോ അല്ലെങ്കിൽ ലോകത്തുനിന്ന് ഒഴിവാക്കാനോ തന്നെയുള്ള ശ്രമങ്ങൾ ആയിരുന്നു പിണറായി വിജയൻ നടത്തിയത് എന്ന് പറഞ്ഞത്. അതിൻറെ ഭാഗമായി കേരളത്തിൻറെ എല്ലാ ജില്ലകളിലും കേസെടുത്തിരിക്കുകയാണ്.കേരളത്തിൽനിന്ന് മാറി നിന്നത് കേസുകളിൽ സെറ്റിൽമെൻറ് ഉണ്ടായതുകൊണ്ടല്ല. പേടികൊണ്ടാണ്. കേരളത്തിൽ ഭരണമാറ്റം ഉണ്ടായതുകൊണ്ടാണ് തിരിച്ചെത്തിയത്. ഇനി ഇവിടെ തനിക്ക് ജീവിക്കാൻ കഴിയും എന്നും നീതി ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്. അടുത്തദിവസം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. തനിക്കെതിരെ രാഷ്ട്രീയമായി എടുത്തിട്ടുള്ള കേസുകളിൽ നിന്ന് ഒഴിവാക്കി തരണമെന്ന് അഭ്യർത്ഥിക്കും. ഇനിയും ആക്രമിക്കപ്പെടുമെന്ന് ഭയമുണ്ടോ എന്ന ചോദ്യത്തിന് ഈ ഡി ഉദ്യോഗസ്ഥന്മാർക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമാണ് കേരളം; പേടിയുണ്ടെന്ന് അവർ പറഞ്ഞു. മുൻ സർക്കാരുമായി ബന്ധപ്പെട്ട വിവിധ സാമ്പത്തിക ഇടപാടുകളിൽ ഭാഗമായതുകൊണ്ടാണ് തനിക്കെതിരെയുള്ള ആക്രമണങ്ങൾ എന്നും കേസുകൾ എന്നും അവർ പറഞ്ഞു.തന്നെ നിശബ്ദ യാക്കുകയാണ് ലക്ഷ്യം. വാർത്താസമ്മേളനത്തിൽ പിണറായി വിജയനെയും അദ്ദേഹത്തിൻറെ കുടുംബത്തെയും സ്വപ്ന സുരേഷ് നിശിതമായി വിമർശിച്ചു. മുൻ സർക്കാരുമായി ബന്ധപ്പെട്ട സ്വർണ്ണം കടത്ത് വിവാദത്തിൽ മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെ പ്രതിയായ കേസിലൂടെ കേരളം ചർച്ച ചെയ്ത വ്യക്തിയായിരുന്നു സ്വപ്ന സുരേഷ്. അന്ന് വിവാദങ്ങൾക്ക് ശേഷം ഇവർ ഒരു ഓഡിയോ പുറത്തുവിട്ട് വാർത്താസമ്മേളനം നടത്തിയിരുന്നു. ആ ഓഡിയോയിലൂടെ തെളിവ് നശിപ്പിക്കൽ, വഞ്ചന കലാപശ്രമം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടു എന്ന പേരിലാണ് പാലക്കാട്ടെ കേസെടുത്തിരിക്കുന്നത്. ഈ കേസിൽ ജാമ്യം തേടിയായിരുന്നു അവർ പാലക്കാട് എത്തിയത്.

