ട്രെയിൻ യാത്രക്കാരന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗും മൊബൈൽ ഫോണുകളും മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ത്രിപുര ഹസ നഗറിൽ റാണ സർക്കയാണ് ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ  17ന് രാവിലെയാണ് സംഭവം. മലപ്പുറം നിലമ്പൂർ സ്വദേശിയായ സച്ചിൻ ദാസ് തിരുവനന്തപുരത്ത് നിന്നും  സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ആവശ്യങ്ങൾക്ക് പോയ ശേഷം  കൊല്ലത്തു നിന്ന് നിലമ്പൂരിലേക്ക് രാജ്യറാണി എക്സ്പ്രസ്സിൽ കയറി യാത്ര തിരിച്ചു. ഒരു മൊബൈൽ ഫോൺ പാൻ്റ് പോക്കറ്റിലും മറ്റൊരു മൊബൈൽ ഫോണും  സർട്ടിഫിക്കറ്റുകളും ബാഗിലും സൂക്ഷിച്ച് ട്രെയിനിൽ വച്ചു ഉറങ്ങിപ്പോയി. വണ്ടി നിലമ്പൂർ എത്തി മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ച് ട്രെയിൻ യാത്ര ആരംഭിക്കുന്നതിനു മുൻപേ കംപാർട്ട്മെന്റിൽ കയറിയ യാത്രക്കാരാണ് ഇയാൾ ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്.സച്ചിൻ ദേവിനെ വിളിച്ചുണർത്തിയ ശേഷം പിന്നീട് പരിശോധിച്ചപ്പോഴാണ് മൊബൈൽ ഫോണുകളും ബാഗും നഷ്ടമായതായി അറിയുന്നത്. ഉടൻതന്നെ അതേ വണ്ടിയിൽ ഷൊർണൂർ എത്തി റെയിൽവേ പൊലീസിൽ എത്തി പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച മൊബൈലിൽ മോഷ്ടാവ് സിം കാർഡ് ഉപയോഗിച്ചതായും കണ്ടെത്താൻ കഴിഞ്ഞു. മോഷ്ടാവിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പാപ്പനംകോട് ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഷൊർണൂർ പോലീസും സംഘവും സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വെസ്റ്റ് ബംഗാൾ ബിൻപൂർ പോലീസ് സ്റ്റേഷനിൽ 2024 ൽ കൊലപാതക ശ്രമത്തിന് കേസുണ്ട്. എസ്ഐ അനിൽ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതിയെ പിടികൂടിയത്. പി. സജിത്ത്, ടി.എം. നിഷാദ്, ആർപിഎഫ് എഎസ്ഐ ഷിജു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *