പാലക്കാട് ഷൊർണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പെൺകുട്ടിയുടെ പരാതിയിൽ രാജസ്ഥാൻ സ്വദേശിയെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. സഹയാത്രക്കാരൻ എടുത്ത ദൃശ്യങ്ങളും പുറത്തുവന്നു. രാവിലെ 7 മണിയോടെ ഷൊർണൂരിൽ എത്തിയ മഡ്ഗോൺ എറണാകുളം എക്സ്പ്രസിലാണ് സംഭവം. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് യാത്ര തിരിച്ച യുവതിയുടെ അടുത്ത് രാജസ്ഥാൻ കരുളി സ്വദേശിയായ സതീഷ് കുമാർ മീണ വന്നിരുന്നു. ട്രെയിൻ പട്ടാമ്പി എത്തിയപ്പോൾ ഇയാൾ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മറുവശത്തെ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ ഈ ദൃശ്യങ്ങൾ മെബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ട്രെയിനിൽ നിന്ന് തന്നെ യുവതി റെയിൽവേ പൊലീസിനെ വിളിച്ച് ദൃശ്യങ്ങൾ ഉൾപ്പെടെ അയച്ചു നൽകി പരാതി നൽകുകയായിരുന്നു. ട്രെയിൻ ഷൊർണൂർ എത്തിയപ്പോൾ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര, കോഴിക്കോട് ഭാഗത്ത് ടൈൽസ് ജോലി ചെയ്തുവരികയാണ് പ്രതി. വടകരയിൽ നിന്നും ഷൊർണൂർ എത്തി അവിടെ നിന്നും കോയമ്പത്തൂർ വഴി രാജസ്ഥാനിലേക്ക് പോകാനായിരുന്നു ഇയാൾ തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എസ്ഐ അനിൽ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

