പട്ടാമ്പിയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയതായി പരാതി. ബസ്റ്റാൻഡ് പരിസരത്തെ ഹോട്ടലിൽ നിന്നും വള്ളൂർ സ്വദേശി മണികണ്ഠനും കുടുംബവും കഴിച്ച ഭക്ഷണത്തിൽ നിന്നുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. രാവിലെ എട്ടര മണിയോടെയാണ് സംഭവം. കിസ്മത്ത് ഹോട്ടലിൽ നിന്നും പൊറോട്ടയും ബീഫുമാണ് ഇവർ വാങ്ങിയത്. അഞ്ചു പേരാണ് ഭക്ഷണം കഴിച്ചത്. ഇതിൽ ഒരു പ്ലേറ്റിലാണ് ബീഫ് കറിയിൽ ചത്ത പാറ്റയെ കണ്ടെത്തിയത്. തുടർന്ന് മണികണ്ഠൻ ഈ പാത്രങ്ങളുമായി ബന്ധപ്പെട്ട അധികാരികളുടെ മുന്നിലേക്ക് എത്തുകയായിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നഗരസഭ ആരോഗ്യവിഭാഗം, ഭക്ഷ്യസുരക്ഷാ വകുപ്പ്, പട്ടാമ്പി പോലീസ് എന്നിവിടങ്ങളിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയിൽ ഗുരുതരമായ സുരക്ഷ പ്രശ്നങ്ങൾ കണ്ടെത്തിയതായി ആരോഗ്യ ഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഹോട്ടലിലെ ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം എത്രയും പെട്ടെന്ന് വൃത്തിയാക്കണമെന്നും അല്ലാത്തപക്ഷം ഹോട്ടൽ തുറക്കേണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതോടൊപ്പം സമീപത്തെ ബേക്കറി ഉൾപ്പെടെയുള്ള ഭക്ഷണശാലകളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത്, JHI മാരായ മോഹനൻ, സംഗീത, സാഹിറ, ലയാ കെ സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *