ഒറ്റപ്പാലം കണ്ണിയംപുറത്ത് പട്ടാപ്പകൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് എട്ടു പവൻ സ്വർണം കവർന്നു.പൊയിലത്ത് വാരിയത്ത് അനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.ചൊവ്വാഴ്ച ഉച്ചയോടെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്.അനിൽകുമാറും ഭാര്യയും കണ്ണിയംപുറത്തെ തങ്ങളുടെ കടയിലേക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു മാല, രണ്ട് ജോഡി കമ്മലുകൾ, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്.
വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിവരികയാണ്.


